'ആരും ചുംബിച്ചിട്ടില്ല, ആരേയും അടിച്ചിട്ടില്ല’

ലക്‌നൗ| WEBDUNIA|
PTI
PTI
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരായ അതിക്രമങ്ങള്‍ നിഷേധിച്ച് പ്രമുഖ ചലച്ചിത്ര താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ രംഗത്ത്. പ്രചാരണത്തിനിടെ തന്നെ ആരും ചുംബിക്കുകയോ താന്‍ ആരേയും അടിക്കുകയോ ചെയ്തിട്ടില്ലെന്ന് നഗ്മ പറഞ്ഞു. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു. നഗ്മയ്ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നഗ്മയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്‌ഷോയ്ക്കിടെ ഒരു കോണ്‍ഗ്രസ് എംഎല്‍എ പരസ്യമായി ചുംബിച്ചിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു പ്രചാരണ പരിപാടിയില്‍ തന്നെ ശല്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നഗ്മ കരണത്തടിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ തന്നെ ആരും ചുംബിച്ചിട്ടില്ലെന്നും താന്‍ ആരേയും അടിച്ചിട്ടില്ലെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നഗ്മ അവകാശപ്പെട്ടു.

തന്നെ ചുംബിച്ച എംഎല്‍എ ഗജരാജ് സിംഗിനെ ന്യായീകരിച്ചും നഗ്മ രംഗത്തെത്തി. അദ്ദേഹം തന്നെ മകളെ പോലെയാണ് കാണുന്നതെന്നും എന്തോ പ്രധാനപ്പെട്ട കാര്യം സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിക്രമങ്ങള്‍ തുടര്‍ന്നാല്‍ മീററ്റിലേക്ക് ഇനി വരില്ലെന്ന തന്റെ പ്രസ്താവനയും നഗ്മ നിഷേധിച്ചു. ഗജരാജ് സിംഗിനെതിരെ കോണ്‍ഗ്രസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നഗ്മയ്‌ക്കെതിരെ നടന്ന അതിക്രമങ്ങള്‍ പരിഗണിച്ച് അവരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അവര്‍ക്ക് കൂടുതല്‍ പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രാദേശികമായി ഏറെ സ്വാധിനമുള്ള ഗജരാജ് സിംഗിനെ പിണക്കുന്നത് വോട്ട് ബാങ്കിനെ ബാധിക്കുമെന്ന തിരിച്ചറിവാണ് നഗ്മയുടെ മലക്കം മറിച്ചിലിന് കാര്യമെന്നാണ് വിലയിരുത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :