രാഹുല്‍ ഗാന്ധി പകുതി ഇന്ത്യക്കാരനും പകുതി ഇറ്റലിക്കാരനുമാണെന്ന ബോളിവുഡ് താരം കത്രീന കൈഫിന്റെ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്ത്.
കത്രീന കൈഫ് ആരാണെന്ന് തനിക്കറിയില്ല. നാളെ, കോമഡി താരം ജോണി ലിവറിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിരിക്കും മാധ്യമങ്ങള്‍ ആവശ്യപ്പെടുകയെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ ചര്‍ച്ചകളെ തരംതാഴ്ത്തുന്ന നിലപാടാണ് ഇതെന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.
അതേസമയം, കോമഡി താരത്തിന്റെ ജോലി നിസ്സാരമായി കരുതുന്നോ എന്ന ചോദ്യത്തിന്, കോമഡി താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും രാഷ്ട്രീയത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ളവരാണെന്നും തിവാരി പറഞ്ഞു.
ഒരു അഭിമുഖത്തിലാണ് രാഹുല്‍ പകുതി ഇന്ത്യക്കാരനാണെന്ന് കത്രീന കൈഫ് അഭിപ്രായപ്പെട്ടത്. താന്‍ പകുതി ഇന്ത്യക്കാരിയാണെന്ന് പറയുന്നതില്‍ തനിക്ക് ലജ്ജയില്ല എന്നും താന്‍ എന്താണോ അതില്‍ അഭിമാനിക്കുന്നു എന്നും പറയുമ്പോഴാണ് കത്രീന വിവാദ പരാമര്‍ശം നടത്തിയത്.
തന്റെ മാതാവ് ബ്രിട്ടീഷുകാരിയാണെന്ന് താന്‍ മറച്ചുവച്ചിട്ടില്ല. തന്റെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ വാര്‍ത്താ ചാനലുകളുടെ പക്കലും ഉണ്ട്. പകുതി ഏഷ്യക്കാരിയും പകുതി ബ്രിട്ടീഷുകാരിയുമായുള്ള ഏക വ്യക്തിയല്ല താന്‍ എന്നും കത്രീന അഭിമുഖത്തില്‍ പറഞ്ഞിരുന്നു.