രാഹുല്‍ ക്ഷമിക്കണമെന്ന് കൃഷ്ണയ്യര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ കത്തിലൂടെ കടുത്ത വിമര്‍ശനം നടത്തിയതില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഖേദപ്രകടനം നടത്തി. താന്‍ മുമ്പ് അയച്ച കത്ത് പരുഷമായിപ്പോയി എങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞ് ജസ്റ്റിസ് വീണ്ടും രാഹുലിന് കത്തെഴുതി.

താന്‍ അയച്ച കത്ത് പരുഷമായി പോയി എങ്കില്‍ ക്ഷമിക്കണം. താന്‍ 97 വയസ്സുള്ള ഒരു വൃദ്ധനാണെന്നും സിപി‌എം - കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യുന്ന കൃത്യവിലോപങ്ങളുടെ വിമര്‍ശകനാണെന്നും കൃഷ്ണയ്യരുടെ കത്തില്‍ പറയുന്നു.

രാഹുല്‍ സോഷ്യലിസ്റ്റ് വിശ്വാസിയല്ല എന്നും രാഷ്ട്രത്തോട് പുതിയതായി ഒന്നും പറയുവാനില്ല എന്നും കൃഷ്ണയ്യര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരാള്‍ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പ്രസംഗം കേള്‍ക്കാനല്ല ആളെ കാണാനുള്ള കൌതുകം കൊണ്ട് മാത്രമാണ് ജനങ്ങള്‍ തടിച്ചുകൂടുന്നത് എന്നും കൃഷ്ണയ്യര്‍ കുറ്റപ്പെടുത്തിയിരുന്നു.

ശരിയായ രീതിയില്‍ ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരെയും പോലെ എനിക്കും നിങ്ങളുടെ അതേ വികാരമാണുള്ളത്. ചീഞ്ഞതെന്ന് ഞാന്‍ കരുതുന്ന ഒരു സംവിധാനത്തെ നല്ലരീതിയില്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് ഞാന്‍ കൂടുതല്‍ സമയവും ചിന്തിക്കുന്നത്. എനിക്ക് താങ്കള്‍ ചെയ്യുന്നതുപോലെ കത്തെഴുതി വികാര പ്രകടനം നടത്തിയാല്‍ മാത്രം പ്രശ്നം അവസാനിക്കില്ല, കാര്യങ്ങള്‍ക്ക് മാറ്റം വരുത്തുക എന്ന യാഥാര്‍ത്ഥ്യത്തെ ഞാന്‍ നേരിടുകയാണ് എന്നും രാഹുല്‍ കൃഷ്ണയ്യര്‍ക്കുള്ള തന്റെ മറുപടിയില്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :