അരവിന്ദ് കെജ്‌രിവാളിന് എതിരാളി ലണ്ടനില്‍ നിന്ന്

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 20 ജനുവരി 2015 (11:32 IST)
അടുത്തമാസം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന് എതിരാളി ലണ്ടനില്‍ നിന്ന്. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ വിദ്യാര്‍ത്ഥിനി നുപുര്‍ ശര്‍മ്മയാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന് എതിരാളിയാകുക. ഇത് വിജയിക്കാനുള്ള മത്സരമാണെന്ന് 30കാരിയായ നുപുര്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിച്ചു.

ഡല്‍ഹി സര്‍വ്വകലാശാലയിലെ സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് ആയിരുന്ന നുപുര്‍ ബി ജെ പി യൂത്ത് വിംഗ് അംഗം കൂടിയാണ്. 2012ല്‍ ആം ആദ്‌മി പാര്‍ട്ടി ആരംഭിച്ച കെജ്‌രിവാളിനേക്കാള്‍ രാഷ്‌ട്രീയത്തില്‍ തനിക്ക് ഏഴു വര്‍ഷത്തെ അനുഭവം കൂടുതലുണ്ടെന്നാണ് നുപുറിന്റെ വാദം.

അതേസമയം, തെരഞ്ഞെടുപ്പില്‍ താന്‍ ബലിയാടാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അങ്ങനെയല്ലെന്നും നുപുര്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് വിജയിച്ച കെജ്‌രിവാള്‍ ജയത്തിന് ശേഷം ഓടിപ്പോവുകയാണ് ഉണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തി. ദേശീയ വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നുപുര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കഴിഞ്ഞദിവസം രാത്രി ബി ജെ പി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് നുപുര്‍ ശര്‍മ്മയും ഉള്‍പ്പെട്ടത്. 62 പേരുടെ സ്ഥാനാര്‍ത്ഥിപട്ടികയായിരുന്നു കഴിഞ്ഞദിവസം ബി ജെ പി പുറത്തിറക്കിയത്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദി കൃഷ്‌ണ നഗറില്‍ നിന്നായിരിക്കും മത്സരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :