ചെന്നൈ|
aparna shaji|
Last Modified ശനി, 5 മാര്‍ച്ച് 2016 (17:48 IST)
ചെന്നൈയിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിനികളെ പാലിൽ വിഷം കലർത്തി
ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തി. എട്ട് വയസ്സുള്ള ആറ് വിദ്യാർത്ഥിനികളാണ് ക്ലാസ്മുറിയിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച വിദ്യാർത്ഥികൾക്ക് വഴിയിൽ കിടന്ന് ഒരു മൊബൈൽഫോൺ കിട്ടുകയും സ്വിച്ച് ഓഫ് ആക്കിയതിനുശേഷം ഫോൺ അവർ വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളിൽ ഒരാളുടെ വീട്ടിൽ ആരുമറിയാതെ ഫോൺ ഒളിപ്പിച്ച് വെച്ചുവെങ്കിലും സഹോദരി കണ്ടെത്തിയതിനെതുടർന്ന് ഫോണിന്റെ യഥാർത്ഥ ഉടമയ്ക്ക് തിരിച്ച് നൽകിയിരുന്നു.
എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് മൊബൈലിന്റെ ഉടമ കുട്ടികളെ തിരിച്ചറിയുകയും അവർ വരുന്ന വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. സികൂളിൽ എത്തി അപമാനിക്കുമെന്നും ഫോണിന്റെ കാര്യം എല്ലാവരെയും അറിയിക്കുമെന്നും ഇയാൾ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു. ഇതിനെതുടർന്നാണ് ആത്മഹത്യ ചെയ്യാമെന്ന ധാരണയിൽ കുട്ടികൾ എത്തിയത്.
വീട്ടിൽ നിന്നും കൊണ്ടുവന്ന വിഷം കലർത്തിയ പാൽ കുടിച്ച് മോശം അവസ്ഥയിൽ കണ്ടെത്തിയ കുട്ടികളെ അധികൃതർ ആശുപത്രിയിൽ എത്തിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്.