അംഗീകാരം റദ്ദാക്കുന്നു: വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

ചെന്നൈ| WEBDUNIA|
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 17 കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് അംഗീകാരം നഷ്ടമാവും. ഇതോടെ, ഇവിടെ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലായി.

അംഗീകാരം പോകുമെന്ന് ഉറപ്പായ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവുകളിലിറങ്ങിയിരിക്കുകയാണ്. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോടതിയില്‍ നേരിടാനാണ് മാനേജ്‌മെന്റുകളുടെ നീക്കം.

തമിഴ്നാട്ടിലും പുതുച്ചേരിയിലുമുള്ള ഭൂരിഭാഗം കല്‍പ്പിത സര്‍വകലാശാലകളും രാഷ്ട്രീയ നേതാക്കളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതില്‍, ഭാരത് സര്‍വകലാശാല കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി ജഗത്‌രക്ഷകന്റെ മക്കളാണ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

മാനേജ്മെന്റുകള്‍ പ്രശ്നത്തെ കോടതിയില്‍ നേരിടുമെന്ന് വേല്‍സ് സര്‍വകലാശാല ചാന്‍സലര്‍ ഐസരി കെ ഗണേഷ് പറഞ്ഞു. എം‌ജിആര്‍ ഭരണകാലത്ത് പാര്‍ലമെന്ററി സെക്രട്ടറിയായിരുന്ന ഐസരി വേലന്റെ മകനാണ് ഗണേഷ്. കല്‍പ്പിത സര്‍വകലാശാലകള്‍ക്ക് അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച് കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കിയിട്ടില്ല എന്ന് വേല്‍‌സ് സര്‍വകലാശാല ചാന്‍സലര്‍ ചൂണ്ടിക്കാണിക്കുന്നു.

പാഠ്യപരിഗണനയ്ക്ക് പകരം കുടുംബ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാലാണ് സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കുന്നത് എന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തിലാണ് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :