യമനില്‍ കുടുങ്ങിയ 70 ഇന്ത്യന്‍ നാവികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (09:05 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിപ്പോയ 70 ഇന്ത്യന്‍ നാവികരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.
കഴിഞ്ഞയാഴ്ച സൗദിസഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഏഴ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സ്ഥലത്താണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. യെമനിലെ ഖോഖാ തുറമുഖത്ത് അഞ്ച് ചരക്ക് കപ്പലുകളിലായാണ് നാവികരുള്ളത്.

പതിനഞ്ച് ദിവസമായി അപകടകരമായ സാഹചര്യത്തിലാണ് നാവികര്‍ കഴിയുന്നത്. കഴിഞ്ഞദിവസം രാത്രിയിലും ഇവര്‍ക്കുസമീപം ബോംബ് വര്‍ഷമുണ്ടായി. റോക്കറ്റ് ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ഗുജറാത്തിലെ മൻഡവി, ജോദിയ, സലായ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നും ചരക്കുമായി യെമനിലേയ്ക്ക് പോയ നാവികരാണ് ഇവര്‍.

നാവികരുടെ സംഘടനയായ വഹൻവത അസോസിയേഷൻ ഓഫ് കച്ച് ആൻഡ് മണ്ടാവിയാണ് നാവികര്‍ യെമനില്‍ കുടുങ്ങിയ കാര്യം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതേ തുടര്‍ന്ന് ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ക്ക് ജിബൂട്ടിയിലെ ഇന്ത്യന്‍ക്യാമ്പിന് സര്‍ക്കര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :