കുമാരസ്വാമി ഇന്ന് രാജിവെച്ചേക്കും; വിധാൻസൗധ പരിസരത്ത് നിരോധനാജ്ഞ; നിർണായക മന്ത്രിസഭാ യോഗം ഇന്ന്; വിമതരുടെ ഹർജി സുപ്രീംകോടതിയിൽ

കുമാരസ്വാമി രാജി വച്ചേക്കും എന്ന സൂചന ശക്തമാണ്.

Last Modified വ്യാഴം, 11 ജൂലൈ 2019 (08:37 IST)
കര്‍ണാടകയില്‍ രാജി വച്ച കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരുടെ എണ്ണം 16 ആയി. കോണ്‍ഗ്രസ് എംഎല്‍എമാരായ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി എംടിബി നാഗരാജും കെ സുധാകറുമാണ് ഇന്നലെ സ്പീക്കര്‍ക്ക് രാജി നല്‍കിയത്. ഇരുവരും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയയുടെ അനുയായികളാണ് ഇതോടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ പിന്തുണ 101 ആയി കുറഞ്ഞു. ബിജെപിക്ക് 107 പേരുടെ പിന്തുണ. നിലവിലെ നിയമസഭയുടെ ആകെ അംഗസംഖ്യ 209. ഭൂരിപക്ഷത്തിന് വേണ്ടത് 105 സീറ്റ് ആയി കുറഞ്ഞു.

മുഖ്യമന്ത്രിയൊഴികെയുള്ള കോണ്‍ഗ്രസ് ജെഡിഎസ് മന്ത്രിമാരെല്ലാം രാജി വയ്ക്കുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭ യോഗം ചേരുന്നുണ്ട്. കുമാരസ്വാമി രാജി വച്ചേക്കും എന്ന സൂചന ശക്തമാണ്. നേരത്തെ കുമാരസ്വാമി രാജി വച്ച് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് വിട്ടുനല്‍കി പ്രശ്‌നം പരിഹരിക്കാം എന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്ഡി ദേവഗൗഡ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായില്ല.

14 വിമത എംഎല്‍എമാര്‍ നിലവില്‍ മുംബൈയിലാണുള്ളത്. ഇവരെ അനുനയിപ്പിക്കാനും രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനും എത്തിയ ഡികെ ശിവകുമാര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു. എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിന് സമീപം നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. ശിവകുമാറില്‍ നിന്നും കുമാരസ്വാമിയില്‍ നിന്നും ഭീഷണിയുണ്ട് എന്ന് പറഞ്ഞ് എംഎല്‍എമാര്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നു.

അതേസമയം എംഎല്‍എമാരുടെ രാജി അംഗീകരിക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടു. സ്പീക്കര്‍ രാജി അംഗീകരിക്കാത്തതിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ചീഫ് ഡസ്ര്‌റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :