priyanka|
Last Updated:
വെള്ളി, 26 ഓഗസ്റ്റ് 2016 (15:20 IST)
ജൂലൈ 21ന് രാത്രി പത്ത് മണി കഴിഞ്ഞപ്പോള്‍ നോര്‍ത്ത് ത്രിപുരയിലെ ഐഎഎസ് ഓഫീസറായ പുഷ്പക് ചക്രബര്‍ത്തിയ്ക്ക് ഒരു ഫോണ്‍ കോള്‍ എത്തി. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ മുഴങ്ങിക്കേട്ടത് നല്ല ഉറച്ച യുവത്വം തുളുമ്പുന്ന ശബ്ദം. രാത്രി വിളിച്ച് ശല്യപ്പെടുത്തിയതിന് ക്ഷമാപണത്തോടെ അദ്ദേഹം തുടര്‍ന്നു. താങ്കള്‍ അല്‍പ നേരത്തേക്ക് ഫ്രീ ആണെങ്കില്‍ താങ്കളോട് പ്രധാനമന്ത്രിയ്ക്ക് സംസാരിക്കണമായിരുന്നു. ആദ്യമുണ്ടായ അമ്പരപ്പ് മാറാന്‍ അല്‍പ സമയം വേണ്ടി വന്നെങ്കിലും പ്രധാനമന്ത്രിയെ കണക്ട് ചെയ്യാന്‍ പുഷ്പക് ആവശ്യപ്പെട്ടു.
ഫോണ്‍ കണക്ട് ആയ ഉടന്‍ പ്രധാനമന്ത്രിയും അസമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമാപണം നടത്തി. പിന്നീട് കാര്യത്തിലേക്ക്. താന്‍ നിതിന്‍ ഖഡ്കരിയുമായി സംസാരിച്ചിരുന്നതായും ത്രിപുരയെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പിക്കുന്നതിന് അവര്‍ക്ക് നാഷണല്‍ ഹൈവേ 208 എ വികസിപ്പിക്കുന്നതിന് സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പറഞ്ഞ് അദ്ദേഹം ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. താന്‍ ഇക്കാര്യത്തില്‍ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്ന് ആലോചിച്ച് നേരം വെളുത്തു. പിറ്റേന്ന് ഓഫീസിലെത്തിയപ്പോള്‍
ത്രിപുര സര്‍ക്കാരില്‍ നിന്നും ആസാം സര്‍ക്കാരില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും പുഷ്പകിന് സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു.
പിന്നീട് താമസമുണ്ടായില്ല. 15 കിലോമീറ്റര്‍ ഹൈവേ റിപ്പയര്‍ ചെയ്യാന്‍ ഉത്തരവിറക്കിക്കൊണ്ട് അദ്ദേഹം ഫണ്ട് അനുവദിച്ചു. സ്ഥലം സന്ദര്‍ശിക്കാനായി പോയപ്പോള്‍ അവിടെ ആസ്സാം സര്‍ക്കാര്‍ അനുവദിച്ച ആറ് ജെസിബി നില്‍ക്കുന്നതാണ് പുഷ്പക് കണ്ടത്. പിന്നീടുള്ള നാല് ദിവസങ്ങള്‍ 300ല്‍ അധികം ട്രക്കുകള്‍ നിറയെ റോഡ് നിര്‍മ്മാണ സാമഗ്രികളും നിര്‍മ്മാണ തൊഴിലാളികളെയും രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്ന് നിര്‍മ്മാണത്തിനായി എത്തിച്ചു.
ത്രിപുരയിലേക്ക് അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ നിതിന്‍ ഖഡ്കരി ഫോണ്‍ ചെയ്യുകയും ഹൈവേ യുദ്ധകാലടിസ്ഥാനത്തില്‍ നന്നാക്കാന്‍ സഹായിച്ചതിന് നന്ദിയും അറിയിച്ചു. താന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരുമ്പോള്‍ തീര്‍ച്ചയായും തമ്മില്‍ കാണണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ കരിയറിലെ മറക്കാനാവാത്ത അനുഭവമാണിതെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു. തങ്ങളുടെ സര്‍ക്കാര്‍ എത്രത്തോളം കരുതലോടെയാണ് ജനങ്ങളെ സേവിക്കുന്നതെന്നും ഒരു ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു.