ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (12:48 IST)
ഹരിത ട്രിബ്യൂണലിന്റെ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതൊടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള നടപടിയുമായി മുന്നോട്ട് പോവുമെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലിനെ അറിയിച്ചത്.
അതേ സമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ ഉള്‍പ്പെടുത്താനാവുമോയെന്ന കാര്യം വിശദീകരിക്കാനും ഹരിത ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 56,000 ചതുരശ്ര അടി പ്രദേശങ്ങളെയാണ് പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് ട്രിബ്യൂണല്‍ ചോദിച്ചിരിക്കുന്നത്.
കസ്തൂരി രംഗന്‍ റിപ്പൊര്‍ട്ടില്‍
അറുപതിനായിരം ചതുരശ്ര അടി പ്രദേശമാണ് പരിസ്ഥിതി ലോലമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇറക്കിയ കരടു വിജ്ഞാപനത്തില്‍ ഇത് 56,000 ആയി കുറഞ്ഞെതെങ്ങനെയെന്ന് വിശദീകരിക്കണമെന്നും ജസ്റ്റീസ് സ്വതന്ത്ര കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
നേരത്തേ ഗാഡ്ഗില്‍ - കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍
ഏത് നടപ്പിലാക്കുമെന്ന് വ്യക്തമാക്കതെ സമര്‍പ്പിച്ച സത്യവാങ്മൂലം ട്രിബ്യൂണല്‍ തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് ട്രിബ്യൂണല്‍ അന്ത്യ ശാസനവും നല്‍കിയിരുന്നു.
കേരളത്തിലെ ബിജെപി ഘടകത്തിന്റെയും ആര്‍എസ്‌എസ്സിന്റെയും ആവശ്യം ഗാഡ്ഗില്‍ നടപ്പിലാക്കുക എന്നതാണ്. എന്നാല്‍ കസ്തൂരി രംഗന്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനം കേരളത്തിലെ ബിജെപിക്ക് തിരിച്ചടിയാണ്. നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം.
കസ്തൂരി രംഗന്‍ റിപ്പൊര്‍ട്ട് നടപ്പിലാക്കുന്നതിനു മുമ്പ് പരിസ്ഥിതി ലോല മേഖലകളില്‍ ഭൌതിക പരിശോധന നടത്തിയതിനു ശേഷം സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്നും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ മുമ്പ് പറഞ്ഞിരുന്നു. അതേ സമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളതിനാല്‍ റിപ്പോര്‍ട്ടീനെതിരെ ഗോവാ ഫൌണ്ടേഷന്‍ നല്‍കിയിരിക്കുന്ന ഹര്‍ജി തള്ളണമെന്ന കേരളത്തിന്റെ ഹര്‍ജിക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കൂടുതല്‍ അനുകൂലമാകും.