പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

ഗുവാഹതി| JOYS JOY| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (08:41 IST)
അസം, പശ്ചിമ ബംഗാള്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. അസമില്‍ 65 മണ്ഡലങ്ങളും പശ്ചിമ ബംഗാളില്‍ 18 മണ്ഡലങ്ങളുമാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.

126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്തഘട്ടം ഏപ്രില്‍ 11ന് നടക്കും. 294 മണ്ഡലങ്ങളുള്ള പശ്ചിമബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ 11ന് 39 മണ്ഡലങ്ങള്‍ വിധിയെഴുതും.

അസമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ബി ജെ പി - എ ജി പി ബി പി എഫ് സഖ്യവും തമ്മിലാണ് പ്രധാന അങ്കം. എ ഐ യു ഡി എഫും നിര്‍ണായക ശക്തിയാണ്. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന കോണ്‍ഗ്രസിനാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍. മൊത്തം 539 സ്ഥാനാര്‍ഥികളാണ് അസമില്‍ രംഗത്തുള്ളത്. 95 ലക്ഷം വോട്ടര്‍മാരില്‍ 46 ലക്ഷത്തോളം പേര്‍ വനിതകളാണ്.

പശ്ചിമബംഗാളില്‍ മാവോവാദി സാന്നിധ്യമുള്ള പശ്ചിമ മിഡ്നാപുര്‍, പുരുലിയ, ബാന്‍കുറ ജില്ലകളിലെ മണ്ഡലങ്ങളാണ് തിങ്കളാഴ്ച ബൂത്തിലെത്തുന്നതെന്ന സവിശേഷതയുണ്ട്. ഇതില്‍ തീവ്ര ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉള്ള 13 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് വൈകുന്നേരം നാലിന് സമാപിക്കും. മറ്റുള്ളവയില്‍ ആറു വരെയുണ്ടാകും.

ബംഗാളില്‍ കോണ്‍ഗ്രസ്- ഇടതു സഖ്യവും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. ബി ജെ പിയും രംഗത്തുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :