ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 16 ജൂലൈ 2014 (12:08 IST)
രാജ്യ തലസ്ഥാന നഗരിയുടെ കണ്ണായ ഭാഗത്തേക്ക് മാറാന്‍ തയ്യാറെടുക്കുന്ന ഡല്‍ഹി പൊലീസിനെ വാസ്തുദോഷം പിടികൂടിയിട്ട് കാലമേറെയായി. ഭൂമിപൂജയും തറക്കല്ലിടീലും നടന്നിട്ടും പുതിയ കെട്ടിടത്തിന്റെ പണി ഒരിഞ്ചു മുന്നോട്ട് പോകാത്തതിനാല്‍ കാരണമന്വേഷിച്ച പൊലീസുകാര്‍ ചെന്നെത്തിയത് വാസ്തുവിദഗ്ദന്റെ അടുത്താണ്.
അദ്ദേഹം ചെറിയൊരു മാറ്റം കെട്ടിടത്തിന്റെ പ്ലാനിങ്ങില്‍ നിര്‍ദ്ദേശിച്ചു. മറ്റൊന്നുമല്ല എല്ല നിലയിലേയും കക്കൂസിന്റെ സ്ഥാനം മാറ്റിയാല്‍ മതി. പ്രശ്നം പരിഹരിക്കപ്പെടും. അവസാനിച്ചു. എല്ലാ നിലയിലും കക്കൂസ് വന്നിരിക്കുന്നത് ഈശാനകോണെന്ന് വിവക്ഷിക്കപ്പെടുന്ന വടക്കു കിഴക്ക് ഭാഗത്തായിട്ടാണ് എന്നാണ് വിദഗ്ദന്‍ പറഞ്ഞിരിക്കുന്നത്.
കെട്ടിടം പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പരിഹാരം കാണാന്‍ ശ്രമിച്ച് ഒടുക്കം കുടുങ്ങിയത് പൊലീസുകാരാണ്. കാരണം 1,094.8 കോടി മുടക്ക് വരുന്ന നിര്‍മ്മാണത്തില്‍ മാറ്റം വരുത്തിയാല്‍ ബജറ്റ് തെറ്റുമെന്നു മാത്രമല്ല, ഇനി ആദ്യം മുതല്‍ കെട്ടിടത്തിനുള്ള അനുമതിയടക്കമുള്ളവയ്ക്ക് പിന്നാലെ സമയം കളയേണ്ടിവരുക കൂടി വേണ്ടിവരും.
ഇതിന് പുറമേ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഇടവും വാസ്‌തുശാസ്‌ത്ര പ്രകാരം തെറ്റാണെന്നും വാദം ഉയര്‍ന്നു. എന്തായാലും 2015 ഏപ്രില്‍ മാസം വാസ്‌തുബലി നടത്താം എന്ന പ്രതീക്ഷയിലാണ് പോലീസ്. തുടര്‍ച്ചയായി തടസ്സം വരുന്നതിനാല്‍ കെട്ടിടത്തിന്റെ പ്‌ളാനില്‍ കാര്യമായ മാറ്റം വരുത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുകയാണ്.