നൈനിറ്റാള്‍|
JOYS JOY|
Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (13:52 IST)
ഏറ്റവും കുറഞ്ഞത് ഒരാഴ്ചയ്ക്കത്തേക്കെങ്കിലും ഉത്തരാഖണ്ഡില്‍ നിന്ന് രാഷ്‌ട്രപതിഭരണം പിന്‍വലിക്കരുതെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഒരാഴ്ചയെങ്കിലും രാഷ്‌ട്രപതി ഭരണം പിന്‍വലിക്കാതിരിക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് നല്കാനാവുന്നില്ലെന്നും കോടതി ചോദിച്ചു.
സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. നാളെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ച് ഭരിക്കാനായി ആരെയെങ്കിലും ക്ഷണിച്ചാല്‍ പരിഹാസ്യമാകുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരെന്താ സ്വകാര്യ പാര്‍ട്ടിയാണോ എന്നും കോടതി ചോദിച്ചു.
ഉത്തരാഖണ്ഡില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി രംഗത്തുവന്നത്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ കവരുകയാണെന്ന് കഴിഞ്ഞദിവസം കോടതി നിരീക്ഷിച്ചിരുന്നു.
രാഷ്‌ട്രപതി ഭരണം ഒരാഴ്ചയെങ്കിലും പിന്‍വലിക്കാതിരിക്കാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് നല്കാനാവുന്നില്ലെന്നും കോടതിയെ വെച്ച് കളിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
ഒമ്പത് വിമത എം എല്‍ എമാര്‍ കൂറു മാറിയതിനെ തുടര്‍ന്നായിരുന്നു ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധി ഉണ്ടായത്.