നിഹാരിക കെ.എസ്|
Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (09:45 IST)
ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴക (ടിവികെ)ത്തിന്റെ പ്രാദേശിക നേതാവ് അറസ്റ്റിൽ. കരൂർ സ്വദേശി പൗൻ രാജിനെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കഴിഞ്ഞ ദിവസം ഒളിവിൽ പോയിരുന്ന ടിവികെ നേതാവ് മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദുരന്തത്തിന് പിന്നാലെ ടിവികെ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി. കരൂർ ചിന്ന ആണ്ടാൻ കോവിലിലെ പാർട്ടി ഓഫീസാണ് പൂട്ടിട്ട നിലയിൽ ഉള്ളത്. കരൂർ വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്. കുട്ടികൾക്ക് മുട്ടയും പാലും നൽകിയിരുന്ന ജനക്ഷേമ പദ്ധതികൾ അടക്കം നിർത്തി വെച്ചിരിക്കുകയാണ്.
അതേസമയം കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴും പിന്തുണച്ചും ആളുകളെത്തുന്നുണ്ട്. കരൂരിൽ വിജയ്‌ക്കെതിരെ ഉയർന്ന പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വിജയ്‌യെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരൂരിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് വ്യാപകമായി നശിപ്പിച്ചത്.
41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികൾ, പതിനാറ് സ്ത്രീകൾ, പന്ത്രണ്ട് പുരുഷന്മാർ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.