'വിജയ് പ്രധാനമന്ത്രിയാകും'; 2026 ലെ ഏറ്റവും വലിയ തമാശയെന്ന് ടിടിവി ധിനകരൻ
Vijay and TTV Dhinakaran
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് 2029 ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അമ്മ മക്കൾ മുന്നേട്ര കഴകം (AMMK) ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ. 2026 ലെ ഏറ്റവും വലിയ തമാശയാണിതെന്ന് ദിനകരൻ പരിഹസിച്ചു.
ദിനകരൻ വിജയ് സർക്കാരിന് എതിരെ
തമിഴ്‌നാട്ടിൽ വിജയ് സർക്കാരിനെതിരെയാണ് ടിടിവി ദിനകരനും അദ്ദേഹത്തിന്റെ പാർട്ടിയും. വിജയ് സർക്കാർ ഉടൻ വീഴുമെന്നാണ് എഎംഎംകെ പ്രവചിച്ചിരിക്കുന്നത്. അതിനിടയിലാണ് വിജയ്‌ക്കെതിരായ ഇപ്പോഴത്തെ പരിഹാസവും.
കോൺഗ്രസിൽ അതൃപ്തി
വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടി ടിവികെ കേന്ദ്രങ്ങളാണ് പ്രചരണം ആരംഭിച്ചത്. ഇതോടെ ചർച്ച കൊഴുത്തു. അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി.ശരത് കുമാർ വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ടിവികെയിലെ മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ ഇക്കാര്യം വിവിധ വേദികളിൽ പറഞ്ഞു. തൂത്തുക്കുടിയിൽ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി സി ജോസഫ് വിജയ് എന്നുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു.
കോൺഗ്രസിന്റെ നിലപാട്
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്നതരത്തിൽ ഉയർന്നുവന്ന വാർത്തകളെ കോൺഗ്രസ് തള്ളി. ടിവികെയും കോൺഗ്രസും തമ്മിൽ ഭിന്നതയിലാണ് എന്നത് ഊഹാപോഹങ്ങളാണെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിക്ക് വിജയ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സി.എൽ.പി.) നേതാവ് തരാഹൈ കുത്ത്ബെർട്ട് വ്യക്തമാക്കി.
വിജയ് മൂന്നാമൻ
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ദേശീയതലത്തിൽ ഒൻപത് ശതമാനം പേർ വിജയിയെ പിന്തുണയ്ക്കുന്നതായി ഇന്ത്യ ടുഡേ സർവേ പുറത്തുവന്നിരുന്നു. സർവേ ഫലം ചൂണ്ടിക്കാട്ടി ടിവികെ നേതാക്കൾ വിജയെ ദേശീയതലത്തിൽ ഉയർത്തികാണിക്കാൻ തുടങ്ങി. നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നിലാണ് വിജയ് സർവേയിൽ എത്തിയത്. Also Read: മനുഷ്യനായി പിറന്നതിന് മെസിക്ക് നന്ദി..!