ഈ ആദിവാസി ഗോത്രത്തില്‍ വിധവകളില്ല: ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ കുടുംബത്തിലെ അടുത്ത അവിവാഹിതനെ വിവാഹം കഴിക്കും; അയാള്‍ പേരക്കിടാവ് ആണെങ്കിലും

ഈ ആദിവാസി ഗോത്രത്തില്‍ വിധവകളില്ല: ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ കുടുംബത്തിലെ അടുത്ത അവിവാഹിതനെ വിവാഹം കഴിക്കും; അയാള്‍ പേരക്കിടാവ് ആണെങ്കിലും

മണ്ഡ്‌ല| JOYS JOY| Last Modified ചൊവ്വ, 10 മെയ് 2016 (11:26 IST)
വിധവകളില്ലാത്ത ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. ഉത്തരേന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശിലെ മാണ്ഡ്‌ല ജില്ലയിലാണ് തികച്ചും വ്യത്യസ്തമായ ഈ ഗ്രാമം. ഇവരുടെ രീതിയനുസരിച്ച് ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ അവര്‍ കുടുംബത്തിലെ അടുത്ത അവിവാഹിതനായ വ്യക്തിയെ വിവാഹം കഴിക്കും. ചിലപ്പോള്‍ ഇത് ആ സ്ത്രീയുടെ പേരക്കുട്ടി ആയിരിക്കും. എങ്കിലും വിവാഹം നടക്കും.

അതേസമയം, വിവാഹത്തിന് പുരുഷന്മാര്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അല്ലെങ്കില്‍ ആരും തയ്യാറാകാത്ത സാഹചര്യം ഉണ്ടായാല്‍ ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് പ്രത്യേകമായി പണിയിച്ച വെള്ളി വളകള്‍ ഗോത്രത്തിലെ മുതിര്‍ന്ന ആളുകള്‍ നല്കും. ഭര്‍ത്താവ് മരിച്ചതിന്റെ പത്താം ദിവസമായിരിക്കും ഈ ചടങ്ങ് നടക്കുക. ഇങ്ങനെ നല്കുന്ന വെള്ളിവളകള്‍ക്ക് ‘പാറ്റോ’ എന്നാണ് പേര്. അതിനു ശേഷം വിധവയായ സ്ത്രീയെ വിവാഹിതയായി കണക്കാക്കും. തുടര്‍ന്ന്, വള നല്കിയവരുടെ ഭവനത്തില്‍ ആയിരിക്കും ആ സ്ത്രീ താമസിക്കുക.

പാടിറാം വാര്‍ക്‌ഹാഡെയുടെ മുത്തച്‌ഛന്‍ മരിച്ചത് അദ്ദേഹത്തിന് ആറു വയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു. മുത്തച്‌ഛന്റെ മരണത്തിനു ശേഷം ഒമ്പതാം ദിവസം പാടിറാം അദ്ദേഹത്തിന്റെ മുത്തശ്ശിയെ വിവാഹം കഴിച്ചു. ‘നാറ്റി പാറ്റോ’ എന്ന നിഷ്‌ഠ അനുസരിച്ചായിരുന്നു വിവാഹം നടന്നത്.

വിവാഹത്തിനു ശേഷം മതപരമായ എല്ലാ ചടങ്ങുകളിലും ഭാര്യയും ഭര്‍ത്താവുമായി തങ്ങള്‍ പങ്കെടുത്തു. എന്നാല്‍, വളര്‍ന്നു വലുതായപ്പോള്‍ ഇഷ്‌ടമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്നും പാടിറാം പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ഈ രീതിയുടെ ഭാഗമായാല്‍ മുതിര്‍ന്നു കഴിയുമ്പോള്‍ വീണ്ടും വിവാഹം കഴിക്കാന്‍ ഗോത്രം അനുവാദം നല്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മിക്കവാറും ഇത്തരത്തിലുള്ള വിവാഹബന്ധങ്ങളില്‍ ശാരീരികബന്ധം ഉണ്ടായിരിക്കില്ല. ദമ്പതികള്‍ തമ്മിലുള്ള പ്രായവ്യത്യാസം പരിഗണിച്ചാണ് ഇത്. എന്നാല്‍, വിവാഹിതരായവര്‍ തമ്മില്‍ അടുപ്പമുണ്ടായാല്‍ ഗോത്രം അതിനെ അംഗീകരിക്കാതിരിക്കുന്ന സാഹചര്യവുമില്ല. അതേസമയം, ഭര്‍ത്താവ് മരിച്ചാല്‍ പുനര്‍വിവാഹത്തിന് തയ്യാറാകാത്ത സ്ത്രീകളും ഗോത്രത്തില്‍ ഉണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :