ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 11 ജൂണ്‍ 2015 (14:06 IST)
രാജ്യത്തെ പ്രധാനപ്പെട്ട ജയിലുകളിലൊന്നായ തീഹാര്‍ ജയില്‍ പ്രകൃതി വിരുദ്ധ പീഡനത്തിന്റെ കേന്ദ്രമാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ജയിലില്‍ മേല്‍ക്കോയ്‌മയുള്ള ക്രിമിനല്‍ സ്വഭാവമുള്ള കുറ്റവാളികള്‍ പുതിയതായി എത്തുന്ന തടവുകാരെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രായം 20 കളിലൂടെ പോകുന്ന കാഴ്‌ചയ്‌ക്ക് സുന്ദരന്മാരായ യുവാക്കളാണ് പ്രധാനമായും ലൈംഗിക അരാജകത്വത്തിന് ഇരയായി മാറുന്നത്.
ജയിലിലെ സ്‌ഥിരം തടവുകാരുടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകുന്നയാളെ കൂട്ടത്തില്‍ സെല്ലിലുള്ള മറ്റുള്ളവര്‍ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പീഡനത്തിനിരിയായ പലരും മിണ്ടാതിരിക്കുകയാണ്. പലരും അപമാനിക്കപ്പെട്ടതിന്റെ വേദനയിലാണ് കഴിയുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പുതിയതായി എത്തുന്നവരെ 'പുത്തന്‍ ഇറച്ചി' യെന്നും ചൂഷണം ചെയ്യുന്നതിനെ 'കോള്‍ഗേറ്റ്' എന്നുമാണ് പറയുന്നത്. സ്‌റ്റീല്‍പ്‌ളേറ്റ് കൊണ്ടു മര്‍ദ്ദിക്കുന്നതിനെ 'ബാന്‍ഡ്‌ബാജ' എന്നാണ് പരാമര്‍ശിക്കുന്നത്. ആദ്യമായി എത്തുന്നയാള്‍ക്ക് ഈ കോഡുഭാഷ അറിയാനാകില്ല. അതുകൊണ്ട് തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രധാനപ്രതിയും ആത്മഹത്യ ചെയ്‌തയാളുമായ രാംസിംഗ് സ്‌ഥിരമായി പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. സഹതടവുകാര്‍ എന്തെങ്കിലും ചെയ്‌തോ എന്ന് രാംസിംഗിനോട് ചില ജയില്‍ ഉദ്യോഗസ്‌ഥര്‍ സ്‌ഥിരമായി ചോദിക്കുമായിരുന്നെന്നാണ് വിവരം. കേസിലെ മറ്റൊരുപ്രതിയായ വിനയ്‌ശര്‍മ്മയും പല അവസരങ്ങളിലും പീഡനത്തിന് വിധേയമായിട്ടുണ്ട്.