ഫാസ്റ്റ് ഫുഡ് കടയിലെ ജോലി പോയി, ഉടന്‍ പൊലീസിനെ വിളിച്ച് മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞു!

ചെന്നൈ| Last Updated: തിങ്കള്‍, 22 ജൂലൈ 2019 (15:36 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിമുഴക്കിയ യുവാവിനെ പൊലീസ് പിടികൂടി. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയ തിരുച്ചി സ്വദേശിയായ റഹ്‌മദുല്ല എന്ന യുവാവാണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് കണ്‍‌ട്രോള്‍ റൂമിലേക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശം എത്തിയത്. “ഞാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ തട്ടിക്കൊണ്ടുപോകും” എന്നായിരുന്നു ഭീഷണി. ഇതേത്തുടര്‍ന്ന് ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റഹ്‌മദുല്ല പൊലീസ് പിടിയിലായത്.

ഒരു ഫാസ്റ്റ് ഫുഡ് കടയില്‍ പാചകക്കാരനായിരുന്നു റഹ്‌മദുല്ല. അടുത്തിടെ റഹ്‌മദുല്ലയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. അതിന്‍റെ നിരാശയിലായിരുന്നു അയാളെന്നും മനസിന്‍റെ നിലതെറ്റിയ സമയത്ത് പൊലീസിനെ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിരാശയിലായ ഒരു യുവാവിന്‍റെ ചെയ്തി എന്നതില്‍ കവിഞ്ഞ് കൂടുതല്‍ പ്രാധാന്യമൊന്നും പൊലീസ് ഈ സംഭവത്തിന് നല്‍കിയിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :