ചെന്നൈ|
jibin|
Last Modified ശനി, 31 മാര്‍ച്ച് 2018 (19:00 IST)
തൂത്തുക്കുടിയിലെ ചെമ്പുസംസ്കരണ യൂണിറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന് പിന്തുണ നല്‍കിയതിന് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സ്റ്റൈല്‍ മന്നന് രജനി കാന്തും രംഗത്ത്.
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്കരണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ ആരാണ് അനുമതി നല്‍കിയത്. പ്രദേശവാസികള്‍ 47 ദിവസമായി നടത്തുന്ന സമരത്തില്‍ ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും രജനി കാന്ത് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം സമരസ്ഥലത്ത് എത്തിയ കമൽഹാസന് മറ്റൊരു ഭോപ്പാൽ ആവർത്തിക്കാതിരിക്കണമെന്നും പ്ലാന്റ് അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.
തൂത്തുക്കുടിയിലെ കുമാര റെഡ്ഡിയാര്‍പുരത്താണ് അപകടകരമായ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തുള്ള ഐടിഐയിലെയും വിവിധ കോളജുകളിലെയും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചാണ് നാട്ടുകാര്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്.
പ്ലാന്റില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൃഷിയെ ബാധിക്കുന്നുവെന്നും വെള്ളവും വായുവും മലിനമാക്കുന്നുവെന്നും സമരക്കാര്‍ ആരോപിക്കുന്നു. പലരും ശ്വാസകോശരോഗങ്ങളും ചര്‍മരോഗങ്ങളും പിടിപെട്ട് ചികിത്സ തേടുന്നുണ്ട്.