തിരുപ്പതി നിക്ഷേപിച്ചത് 1800 കിലോ സ്വര്‍ണ്ണം!

ഹൈദരാബാദ്| VISHNU.NL| Last Modified ഞായര്‍, 3 ഓഗസ്റ്റ് 2014 (15:50 IST)

തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്രത്തില്‍ നടവരവായി ലഭിച്ച 1800 കിലോ സ്വര്‍ണശേഖരം എസ്ബിഐയിലേക്ക് നിക്ഷേപിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്രയധികം സ്വര്‍ണ്ണം ഒരു ബാങ്ക് നിക്ഷേപമായി സ്വീകരിക്കുന്നത്.
അഞ്ച് വര്‍ഷത്തേക്ക്
ഒരുശതമാനം പലിശയ്ക്കാണ് സ്വര്‍ണം നിക്ഷേപിച്ചിരിക്കുന്നത്.

എന്നാല്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഈ പലിശ കൊണ്ട് ഈ അഞ്ചുവര്‍ഷത്തിനുള്ളില്‍ ദേവസ്ഥാനത്ഥിന് 60 കിലോ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. നിലവില്‍ എസ്ബിഐ,​കോര്‍പ്പറേഷന്‍ ബാങ്ക്,​ തിരുപ്പതി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവിടങ്ങളിലായി 4,​355 കിലോ ഗ്രാം ശുദ്ധ സ്വര്‍ണം ദേവസ്ഥാനത്ത് നിന്നും നിക്ഷേപിച്ചിട്ടുണ്ട്.

ആര്‍ബിഐയുടെ നിബന്ധനകള്‍ അനുസരിച്ച് ബാങ്കുകള്‍ സ്വര്‍ണം ഏറ്റെടുക്കാതിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ദേവസ്ഥാനത്ത് നിന്നും സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബാങ്കുകളുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വര്‍ണ്ണം നിക്ഷേപമായി സ്വീകരിക്കാന്‍ എസ്‌ബി‌ഐ മുന്നോട്ട് വരികയായിരുന്നു.

ശേഖരം ശനിയാഴ്ച എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ ക്ഷേത്രഭാരവാഹി എംജി ഗോപാലില്‍ നിന്നും ഏറ്റുവാങ്ങി. 2010 മുതല്‍ തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ നടവരവ് സ്വര്‍ണമാക്കി മാറ്റി ശേഖരത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :