ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (19:27 IST)
ഇന്ത്യ-പാക് തര്‍ക്കത്തില്‍ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് വിദേശകാര്യമന്ത്രാലയം. ഐക്യരാഷ്ട്രസഭയെ സമീപിച്ച പാകിസ്ഥാന്റെ തന്ത്രം വിലപ്പോകില്ല. ഇന്ത്യയുമായി ചര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാകിസ്ഥാന് നേരിട്ട് ബന്ധപ്പെടാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിര്‍ത്തിയിലെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐക്യരാഷ്ട്രസഭ തള്ളിയിരുന്നു.
കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുവെന്ന് കാണിച്ച് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ബാന്‍ കി മൂണിന് കത്തയച്ചിരുന്നു. പാക് വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസാണ് മൂണിന് കത്ത് അയച്ചത്. ഒക്ടോബര്‍ ഒന്നിനും പത്തിനുമിടയില്‍ 20 തവണ കരാര്‍ ലംഘനമുണ്ടായെന്നും 12 സാധാരണക്കാര്‍ ഇന്ത്യയുടെ വെടിവെപ്പില്‍ മരിച്ചെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഈ ആവശ്യം യുഎന്‍ തള്ളിയിരുന്നു.
അതേസമയം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് പാകിസ്ഥാന്‍ വെടിവെപ്പ് തുടരുകയാണ്. പൂഞ്ച് ജില്ലയിലെ ബന്‍വാത് സെക്ടര്‍, അര്‍ണിയ സെക്ടറുകളിലും നിയന്ത്രണ രേഖയിലും വെടിവെപ്പ് ഉണ്ടായി. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച വെടിവെപ്പില്‍ ഇതുവരെ 8 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. 13 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 90 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 32,000ത്തോളം പേരെയാണ് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്.