ന്യൂഡല്‍ഹി|
Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (11:53 IST)
പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി തുടങ്ങി. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ബിഎസ്എഫ് വ്യക്തമാക്കി. പാകിസ്ഥാന് കനത്ത നാശനഷ്ടം നേരിടുന്നതായാണ് വിവരം. ഇനി പാകിസ്ഥാനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ബിഎസ്‌എഫിന്റെ നിലപാട്. ഫ്ളാഗ് മീറ്റിംഗ് സംഘടിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളൊന്നും നിലവിലില്ല. പാകിസ്ഥാന്‍, ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമവാസികള്‍ക്കും നേരെ ശക്തമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണം തുടരുകയാണ്.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍ ആക്രമണത്തിന് അയവ് വന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ന് കുറച്ചു സമയം മാത്രമേ വെടിവെപ്പ് നീണ്ടു നിന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
ചിലപ്പോള്‍ പാകിസ്ഥാന്‍കാര്‍ക്കും ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നുണ്ടെന്നും പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും വെടിവയ്പ് തുടരുകയാണെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഡികെ പതക് പറഞ്ഞു. പാക്കിസ്ഥാനാണ് പ്രകോപനത്തിന് തുടക്കമിട്ടത്, അതുകൊണ്ടുതന്നെ സമാധാനം പുനഃസ്ഥാപിക്കുന്നതിനു മുന്‍കയ്യെടുക്കേണ്ടതും പാകിസ്ഥാനാണെന്ന് ബിഎസ്എഫ്. മേധാവി പറഞ്ഞു.
അതേസമയം, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ദേശീയ സുരക്ഷാ കൌണ്‍സില്‍ യോഗം വിളിച്ചു. അതിനിടെ ആണവായുധ സാധ്യതകള്‍ പരാമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ക്വാജ അസീഫ് രംഗത്തെത്തി. ആണവായുധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് അസീഫ് പറഞ്ഞു. ഇന്ത്യ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അസീഫ് കുറ്റപ്പെടുത്തി.