സിനിമ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം പുറത്തിറക്കി; അമ്പത് ശതമാനം പേര്‍ക്ക് പ്രവേശനം

ശ്രീനു എസ്| Last Updated: ബുധന്‍, 7 ഒക്‌ടോബര്‍ 2020 (08:36 IST)
സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തന ചട്ടം (എസ്.ഒ.പി) കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ന്യൂഡല്‍ഹിയില്‍ ഇന്നലെ പുറത്തിറക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പ്രദര്‍ശനശാലകളില്‍ സ്വീകരിക്കേണ്ട കോവിഡ് പ്രതിരോധ നടപടികളെ ആസ്പദമാക്കിയുള്ള മാതൃകാപ്രവര്‍ത്തന ചട്ടം പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം കണ്ടൈയിന്റ്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ 2020 ഒക്ടോബര്‍ 15 മുതല്‍ തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്.

സിനിമ കാണാന്‍ എത്തുന്നവര്‍ക്കും തിയേറ്റര്‍ ജീവനക്കാര്‍ക്കും ശരീരോഷ്മാവ് പരിശോധന, സാമൂഹ്യ അകലം പാലിക്കല്‍, നിര്‍ബന്ധമായും മുഖാവരണം ധരിക്കല്‍, ഇടയ്ക്കിടയ്ക്ക് കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൗകര്യം, എന്നിവ ഉറപ്പാക്കണം. സിനിമ തിയറ്ററുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. മള്‍ട്ടിപ്ലക്സുകളില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് വരാന്‍ ഇടയാകാത്തവിധം, സിനിമ പ്രദര്‍ശനങ്ങള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിക്കണം. പ്രദര്‍ശന ഹാളിലെ താപനില 24- 30 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കണം തുടങ്ങിയവയാണ് മാതൃകാപ്രവര്‍ത്തന ചട്ടത്തിലുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :