നീലിമ ലക്ഷ്മി മോഹൻ|
Last Modified വെള്ളി, 6 ഡിസംബര്‍ 2019 (10:37 IST)
ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികൾക്കെതിരെ കടുത്ത ജനരോക്ഷം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ്
പ്രതികളെ പൊലീസ് വെടിവെച്ച് കൊല്ലുന്നത്. പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് യുവതിയുടെ
കുടുംബം. കേസിലെ നാല് പ്രതികളും ഏറ്റുമുട്ടലിൽ ഇന്ന് പുലർച്ചെയാണ് കൊല്ലപ്പെട്ടത്.
അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറഞ്ഞു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പൊലീസിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
ഇത്തരം കൊടുംക്രൂരത ചെയ്യാന്‍ അറയ്ക്കാത്തവര്‍ ജീവിച്ചിരിക്കുന്നത് സമൂഹത്തിന് ആപത്താണെന്നും പൊലീസ് ചെയ്തതു ശരിയാണെന്നുമാണ് ഭൂരിപക്ഷ പ്രതികരണങ്ങളും. പ്രതികളുമായി യാതോരു ബന്ധവുമില്ലെന്ന് ഇവരുടെ വീട്ടുകാരും പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ.