2021 ലെ ആദ്യ ചുഴലിക്കാറ്റ്; 'ടൗട്ടെ' രൂപപ്പെട്ടത് കണ്ണൂരില്‍ നിന്നു 290 കിലോമീറ്റര്‍ അകലെ

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 15 മെയ് 2021 (08:09 IST)

2021 ലെ ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടെ. മേയ് 14 വെള്ളിയാഴ്ച രാത്രി 11.30 ന് ശേഷം അറബിക്കടലിലാണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. ലക്ഷദ്വീപിനു സമീപം കണ്ണൂരില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയായിരുന്നു ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം. അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറും. വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മേയ് 18 ഓടെ ഗുജറാത്ത് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും. വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തിയായ മഴയും കാറ്റും തുടരും. കടല്‍ പ്രക്ഷുബ്ധമാകും. ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത. കേരളാ തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കനത്ത മഴയിലും കാറ്റിലും കടലേറ്റത്തിലുമായി സംസ്ഥാനത്ത് വ്യാപനനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരപ്രദേശത്തെ ഒട്ടേറെ വീടുകള്‍ തകരുകയും വെള്ളത്തിലാവുകയും ചെയ്തു.

എറണാകുളത്തെ ഭൂതത്താന്‍കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ഡാമിന്റെ ഷട്ടര്‍ പത്ത് സെന്റീമീറ്ററും അരുവിക്കര ഡാമിന്റേത് 90 സെന്റീമീറ്ററും ഉയര്‍ത്തി.

ചുഴലിക്കാറ്റിന് മ്യാന്‍മാര്‍ ഇട്ട പേരാണ് 'ടൗട്ടേ', പല്ലി എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :