കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറികളില്‍ വിഷാംശമില്ല: തമിഴ്‌നാട്

പച്ചക്കറി , തമിഴ്‌നാട് , കേരളം , കീടനാശിനി പ്രയോഗം
ചെന്നൈ| jibin| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (15:50 IST)
തമിഴ്‌നാട്ടിലെ പച്ചക്കറി കര്‍ഷകര്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് വിലയിടിഞ്ഞ സാഹചര്യത്തില്‍ പ്രസ്താവനയുമായി തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ വൈദ്യലിംഗം രംഗത്ത്.

തമിഴ്‌നാട് കേരളത്തിലേക്ക് അയക്കുന്ന പച്ചക്കറികളില്‍ വിഷാംശമില്ല. അയച്ച 800 ടണ്‍ പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിച്ചതില്‍ ഒന്നില്‍പ്പോലും വിഷാംശം കണ്ടെത്താന്‍ കേരളത്തിനായിട്ടില്ല. കീടങ്ങളെ അകറ്റാന്‍ ജൈവമാര്‍ഗങ്ങള്‍ അടക്കമുള്ളവ തമിഴ്‌നാട് സ്വീകരിക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്കയച്ച ഏലത്തില്‍ കീടനാശിനികളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും തമിഴ്‌നാട് കൃഷിമന്ത്രി പറഞ്ഞു.

കീടങ്ങളെ അകറ്റാന്‍ കേരളത്തിലെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച ഉത്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികള്‍ വിഷാംശമുണ്ടെന്ന പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കീടങ്ങളെ അകറ്റി നല്ല രീതിയില്‍ കൃഷി നടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഭക്ഷ്യവസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്താനുള്ള രാജ്യത്തെ പരിശോധനാ കേന്ദ്രങ്ങളില്‍ 15 എണ്ണം തമിഴ്‌നാട്ടിലാണെന്നും ആര്‍ വൈദ്യലിംഗം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :