അങ്കോള (കര്‍ണാടക)|
VISHNU N L|
Last Modified ചൊവ്വ, 19 മെയ് 2015 (14:05 IST)
2020ല്‍ രാജ്യത്തെ മാലിന്യമുകതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിചിത്വ ഭാരത കാമ്പയിന് ( സ്വഛ ഭാരത് അഭിയാന്‍) തുടക്കമിട്ടത്. എന്നാല്‍ തുടക്കത്തില്‍ ഉണ്ടായതു പോലൊരു പ്രചാരണം പിന്നീട് ലഭിച്ചില്ല. മോഡിയുടേത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ് എന്നാണ് വാര്‍ത്തകള്‍. ശുചിത്വ ഭാരതവുമായി ബന്ധപ്പെട്ട് ശൌചാലയം അത്യന്താപേക്ഷിതമാണെന്ന സര്‍ക്കാര്‍ പ്രചരണം ഗ്രാമങ്ങളിലേക്ക് പതിയെ പടരുകയാണ് എന്നാണ് റിപൊപോര്‍ട്ടുകള്‍.
ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കര്‍ണാടകയിലെ അങ്കോളയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ കല്യാണത്തിന് വധുവിന് ബന്ധുക്കള്‍ സമ്മാനമായി നല്‍കിയത് ശൌചാലയമാണ്. ചൈതാലി എന്ന പെണ്‍കുട്ടിയാണ് തനിക്ക് കല്യാണത്തിന് മറ്റ് സമ്മാനങ്ങളേക്കാള്‍ അത്യാവശ്യമായി ശൌചാലയം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ചൈതാലിയുടെ ആവശ്യം ആദ്യം കേട്ട ബന്ധുക്കള്‍ അത് ചിരിച്ച് തള്ളിയെങ്കിലും അതിന്റെ ആവശ്യകത വ്യക്തമായി വിശദീകരിച്ചതോടെ ബന്ധുക്കള്‍ ഗൌരവമായെടുത്തു.
തുടര്‍ന്ന് വിവാഹനാളില്‍ തന്നെ നല്ലൊരുശിരന്‍ ശൌചാലയം തന്നെ ചൈതാലിക്ക് ബന്ധുക്കളെല്ലവരും ചേര്‍ന്ന് സമ്മാനിച്ചു. ചൈതാലിക്ക് വിവാഹം നിശ്ചയിച്ചത് മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍നിന്നുള്ള വരന്‍ ദേവേന്ദ്ര മകോഡെയുമായി. വിവാഹത്തിന് ഏതാനും ദിവസം മുമ്പാണ് ചൈതാലി അറിഞ്ഞത് ഭാവി ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയം ഇല്ലെന്ന്. ഇതോടെയാണ് വിവാഹത്തിന് സമ്മാനത്തിനു പകരം ശൌചാലയം മതി എന്നാണ് യുവതി നിലപാടെടുത്തത്. ക്ലോസറ്റ്, വാഷ് ബേസിന്‍, കണ്ണാടി.. എന്നിങ്ങനെ ഒരു ശൗചാലയത്തില്‍ വേണ്ടതെല്ലാം ഉള്ള ശൌചാലയമാണ് ബന്ധുക്കള്‍ ചൈതാലിക്കായി സമ്മാനിച്ചത്.
വാര്‍ത്തയറിഞ്ഞ പ്രമുഖ ശൗചാലയ നിര്‍മ്മാതാക്കളായ സുലഭ് ഇന്റര്‍നാഷണല്‍ ചൈതാലിക്ക് 10 ലക്ഷം രൂപയുടെ സമ്മാനം പ്രഖ്യാപിച്ചു.സുലഭ് മുമ്പും ഇതുപോലെ ചില വേറിട്ട വ്യക്തികളെ ശുചിത്വ കാര്യത്തിലുള്ള നിലപാടിന്റെ പേരില്‍ മാനിച്ചിട്ടുണ്ട്; ആറു പേരെ. മധ്യപ്രദേശില്‍നിന്നുള്ള അനിത നാരേയ്ക്ക് ഏഴു ലക്ഷം രൂപയാണ് കൊടുത്തത്. ഭര്‍ത്തൃവീട്ടില്‍ ശൗചാലയം ഇല്ലാഞ്ഞതിന്റെ പേരില്‍ പരസ്യമായി ഇടഞ്ഞിരുന്നു അനിത. യുപിയിലെ ഗോരഖ്പൂര്‍ മേഖലയില്‍നിന്നുള്ള പ്രിയങ്ക ഭാരതിയും മറ്റു രണ്ടു യുവതികളും ഇതുപോലെ ശൗചാലയ വിഷയം ഉയര്‍ത്താന്‍ തന്റേടം കാണിച്ചവരാണ്.
അവരെല്ലാം ഇപ്പോള്‍ സുലഭിന്റെ അംബാസഡര്‍മാരാണ്. സുലഭ് സമ്മാനം നല്‍കി ആദരിച്ച മഹാരാഷ്ട്രക്കാരി സംഗീത താലിമാല വിറ്റ് ശൗചാലയം പണിഞ്ഞ് വിപ്ലവ വഴിയില്‍ സഞ്ചരിച്ച യുവതിയാണ്. സംഗീതയും ഇപ്പോള്‍ സുലഭിന്റെ ശുചിത്വ പ്രചാരകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരതിന്റെ സ്വാധീനമാണിതെല്ലാമെന്നാണ് സുലഭ് ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍ ബിന്ദേശ്വര്‍ പഥക് പറയുന്നത്.