jibin|
Last Updated:
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (20:45 IST)
ജമ്മു കശ്‌മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയ ഇന്ത്യ ശക്തമായ മറുപടിയാണ് പാകിസ്ഥാന് നല്‍കിയത്. ആവശ്യം വന്നാല്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ തോക്കുകകള്‍ സംസരിക്കുമെന്ന രാജ്‌നാഥ് സിംഗിന്റെ പ്രസ്‌താവനയും തക്കസമയത്ത് കൃത്യമായ സ്ഥലത്ത് ആക്രമണം നടത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാക്കുകള്‍ പ്രാവര്‍ത്തികവുമായിരുന്നു പാക് മണ്ണില്‍.
അതിര്‍ത്തി കടന്ന് ഇന്ത്യ ഒരിക്കലും ആക്രമണം നടത്തില്ലെന്ന പാകിസ്ഥാന്റെ വിശ്വാസമാണ് ഇന്ത്യന്‍ സൈന്യം തൂത്തെറിഞ്ഞത്. എന്നെങ്കിലും പാകിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ നേരിടാനുള്ള പദ്ധതികള്‍ ഇന്ത്യന്‍ സൈന്യം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആസൂത്രണം ചെയ്‌തിരുന്നു. സൈന്യത്തിന്റെ കോള്‍ഡ് സ്റ്റാര്‍ട്ട് തന്ത്രത്തിലെ ഒന്നായ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ് ഉറിയിലെ ആക്രമണത്തിന് മറുപടി നല്‍കാന്‍ ഇന്ത്യ തെരഞ്ഞെടുത്തത്.
എന്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ?
എതിരാളികളുടെ ശക്തിയെ തകര്‍ക്കുന്ന ഒന്നാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഏതെങ്കിലും പ്രത്യേക കേന്ദ്രത്തെ ലക്ഷ്യമിട്ട് ദ്രുതഗതിയില്‍ നടത്തുന്ന കനത്ത ആക്രമണത്തെയാണ് സൈനിക ഭാഷയില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്. സമീപ പ്രദേശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാതെ ലക്ഷ്യകേന്ദ്രത്തെ പൂര്‍ണ്ണമായും തകര്‍ക്കുകയും ശത്രുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്ന രീതിയാണിത്.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ആക്രമണ രീതി:-
ഇന്ത്യയുടെ മൂന്ന് സേനാവിഭാഗത്തിലും പ്രത്യേക പരിശീലനം ലഭിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് ടീമുകളുണ്ട്. ഇവരില്‍ നിന്ന് ആവശ്യമായ കമാന്‍ഡോകളെ കര മാര്‍ഗത്തിലൂടെയോ ആകാശമാര്‍ഗത്തിലൂടെയോ ആക്രമിക്കേണ്ട കേന്ദ്രത്തില്‍ എത്തിക്കും. ഉറിയിലെ ആക്രമണത്തിന് മറുപടി നല്‍കാന്‍ സൈന്യം എത്തിയത് ആകാശമാര്‍ഗമായിരുന്നു.
ലക്ഷ്യകേന്ദ്രത്തിന്റെ നിശ്ചിത അകലത്തില്‍ പാരച്യൂട്ടില്‍ കമാന്‍ഡോകളെ ഇറക്കിയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ചടുലതയും കൃത്യതയും സമന്വയിപ്പിച്ച് ആക്രമണം നടത്തുന്നതാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സവിശേഷത. എതിരാളികള്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പു തന്നെ അവരെ ഇല്ലാതാക്കുകയും ചെയ്യും.
സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ നിയന്ത്രണവും സഹായവും: -
സര്‍ജിക്കല്‍ സ്‌ട്രൈക്ക് രഹസ്യങ്ങള്‍ വളരെ രഹസ്യമായിട്ടാണ് സൂക്ഷിക്കുന്നത്. സൈനിക മേധാവികള്‍ക്ക് മാത്രമാണ് ഇവയെക്കുറിച്ച് അറിയാവുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് കമാന്‍ഡോകള്‍ ആക്രമണം നടത്തുമ്പോള്‍ അവരെ സഹായിക്കാന്‍ സുസജ്ജമായ ഒരു ടീം തന്നെയുണ്ട്. ഇതിന് പ്രത്യേക സംവിധാനവുമുണ്ട്. സി4ഐഎസ്ആര്‍ പിന്തുണയന്നാണ് സൈന്യം ഇതിനെ വിശീദീകരിക്കുന്നത്.
ഇന്റലിജന്‍സ് സംവിധാനം, കൃത്യമായ നിര്‍ദേശവും നിയന്ത്രണവും, ചുറ്റുപാടുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനം, ആശയവിനിമയം നടത്താനുള്ള ആധൂനിക ഉപകരണങ്ങളും കംപ്യൂട്ടറുകളും സി4ഐഎസ്ആര്‍ സപ്പോര്‍ട്ട് സംവിധാനത്തിന് ആവശ്യമാണ്. കൂടാതെ മറ്റ് പട്ടാളക്കാര്‍ക്ക് ലഭിക്കുന്നതിലധികം പരിശീലനവും സര്‍ജിക്കല്‍ സ്‌ട്രൈക്ക് കമാന്‍ഡോകള്‍ക്ക് ലഭിക്കുന്നുണ്ട്.