Sumeesh|
Last Modified തിങ്കള്‍, 7 മെയ് 2018 (15:09 IST)
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുൻ മുഖ്യമന്ത്രിമാർ ഔദ്യോഗിക വസതി ഉപയോഗിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ നടപടി. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിമാർ ഔദ്യോഗിക വസതികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഒരു മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാൽ പിന്നെ അയാൾ ഒരു സാദാരണ പൌരൻ മാത്രമാണ്. ഇവർക്ക് വീണ്ടും ഇത്തരം സൌകര്യങ്ങൾ ഒരുക്കി നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മുൻ മുഖ്യമന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ ഒരുക്കി നൽകിയിട്ടുണ്ടെങ്കിൽ അത് അനാവശ്യവും ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണ് എന്ന് കോടതി വ്യക്തമാക്കി.
മുലായം സിംഗ് യാദവ്, മായാവതി, അഖിലേഷ് യാദവ്, കല്യാണ്‍ സിംഗ്, രാജ്‌നാഥ് സിംഗ്, എന്‍.ഡി.തിവാരി എന്നിവരാണ് മുൻ മുഖ്യമന്ത്രിമാർ എന്ന പരിഗണനയിൽ ഇപ്പോഴും ഔദ്യോഗിക വസതികളിൽ കഴിയുന്നത്. ഇവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.