Rijisha M.|
Last Modified തിങ്കള്‍, 7 മെയ് 2018 (14:44 IST)
ബെംഗളൂരു: മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം വിനാശകരമായിരുന്നെന്നും തിരുത്തല്‍ നടപടികള്‍ക്കു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് എന്‍ഡിഎ അധികാരത്തില്‍ വന്നതിന് ശേഷം ജിഡിപി പകുതിയായി കുറഞ്ഞു, ഉയര്‍ന്ന നികുതി ചുമത്തി സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളില്‍ ഇപ്പോഴും നോട്ട് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതെല്ലാം മുന്‍കൂട്ടി തടയാന്‍ സര്‍ക്കാരിന് ആകുന്നതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി പദത്തിന് പോലും യോജിക്കാത്ത ഭാഷയാണ് മോദിയില്‍ നിന്ന് വരുന്നത്. ഒരു പ്രധാനമന്ത്രിയും ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. തിരക്കിട്ട് ജിഎസ്‌ടി നടപ്പാക്കിയതും നോട്ട് നിരോധനം നടപ്പാക്കിയതും മോദി സര്‍ക്കാരിന് ഒഴിവാക്കാനാകുന്ന മണ്ടത്തരങ്ങളായിരുന്നുവെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.