ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി

സുപ്രീംകോടതി , ദേശീയ ജുഡീഷ്യല്‍ നിയമനം , കൊളീജിയം
ന്യൂഡൽഹി| jibin| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (11:14 IST)
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപവത്കരിച്ചത് സുപ്രീംകോടതി റദ്ദാക്കി. സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണു നടപടി.
ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനം തന്നെ തുടരും. കൊളീജിയം മെച്ചപ്പെടുത്തുന്ന കാര്യം വിപുലമായ ഭരണഘടന ബെഞ്ചിന് വിട്ടു.

സർക്കാർ നടപടി ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞ കോടതി നിയമം ജുഡീഷ്യറിയുടെ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ തന്നെ ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ല. ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം സംവിധാനം തുടരുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. കൊളീജിയം രീതി പുന:സ്ഥാപിച്ചങ്കിലും അതിലും നവീകരണം ആവശ്യമാണെന്ന് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. നവീകരണത്തിനായി പ്രത്യേക സമിതി വേണമെന്നും കോടതി നിര്‍ദേശിച്ചു.

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുണ്ടാക്കിയത് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്ന നടപടിയാണെന്ന് ഭരണഘടനാ ബഞ്ച് വിലയിരുത്തി. ഭരണഘടനാപരമായ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

ചീഫ് ജസ്റ്റിസും രണ്ട് മുതിര്‍ന്ന ജഡ്ജിമാരും, നിയമമന്ത്രിയും രണ്ട് വിശിഷ്ട വ്യക്തികളും ഉള്‍പ്പെടുന്നതാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അനുസരിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍. സമിതിയിലെ രണ്ട് വിശിഷ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അല്ലെങ്കില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരാണ് ഉണ്ടാവുക. നിലവിലെ കൊളീജിയം സംവിധാനത്തിന് പകരം പുതിയ സംവിധാനം വരുന്നത് ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കും എന്നതായിരുന്നു പ്രധാന വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :