വൈസ് ചാൻസലറെ കാണാതെ പിന്നോട്ടില്ല: ജെഎൻയുവിൽ സംഘർഷത്തിന് അയവ്

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 11 നവം‌ബര്‍ 2019 (18:38 IST)
ജെഎൻയുവിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷ സധ്യതക്ക് അയവ്. കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാലിനെ ക്യാംപസിന് പുറത്തെത്തിച്ചതോടെ വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമത്തിൽനിന്നും പൊലീസ് പിൻമാറിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. വൈസ് ചാൻസിലറെ കാണാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

ബിരുദദാന ചടങ്ങിന് എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും, കേന്ദ്രമത്രി രമേശ് പൊഖ്രിയാലും ക്യാംപസിനുള്ളിൽ ഉണ്ടായിരുന്നതിനാൽ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. ഇതോടെ വിദ്യാർത്ഥികൾ സമരം ശക്തമാക്കുകയായിരുന്നു. ഉപരാഷ്ട്രപതിയെ നേരത്തെ തന്നെ ക്യാംപസിന് പുറത്തെത്തിച്ചു എങ്കിലും കേന്ദ്രമന്ത്രിക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല.

ഇതോടെ പൊലീസ് വിദ്യാർത്ഥികളെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചതോടെയാണ് വിദ്യാർത്ഥികൾ പൊലീസുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായത്. വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ താൻ തയ്യാറാണ് എന്ന് രമേശ് പൊഖ്രിയാൽ വ്യക്തമാക്കി എങ്കിലും സമരം കേന്ദ്രമന്ത്രിക്കെതിരെയല്ല എന്നും വിസിയെയാണ് തങ്ങൾക്ക് കാണേണ്ടത് എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ക്യാം‌പസിൽനിന്നും പുറത്തുകടക്കാൻ കേന്ദ്രമന്ത്രിക്കായത്.

ഹോസ്‌റ്റൽ ഫീസ് മൂന്ന് ഇരട്ടിയായി വർധിപ്പിച്ചതിലും, ഡ്രെസ് കോടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിദ്യാർത്ഥികളോട് ആലോചിക്കാതെ തീരുമാനമെടുത്തതിനെതിരെ കഴിഞ്ഞ 10 ദിവസങ്ങളായി ജെഎൻയുവിൽ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്. 2,500 രൂപയിൽനിന്നും 7,500 രൂപയായാണ് ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചിരിക്കുന്നത്. അതേസമയം വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർവകലാശാല അധികൃതർ തയ്യാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :