ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 2 ജൂലൈ 2014 (16:53 IST)
സോഷ്യല്‍ മീഡിയകളില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചും എതിര്‍ത്തും വരുന്ന പോസ്റ്റുകളെ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ഇതിനായി സര്‍ക്കാര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിച്ചു കഴിഞ്ഞതായാണ് വിവരം.
അതതു ദിവസത്തെ സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വരുന്ന സംഭവ വികാസങ്ങളെക്കുറിച്ച് വൈകുന്നേരം നിരീക്ഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സെല്ലിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കു കൈമാറും.
വാര്‍ത്താ വിതരണപ്രക്ഷേപണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അനുരാഗ് ശ്രീവാസ്തവയുടെ കീഴില്‍ രൂപീകരിച്ചിരിക്കുന്ന മീഡിയാ സെല്ലിലേക്ക് മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളില്‍ വിന്യസിച്ചിരുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെയാണ് എടുത്തിരിക്കുന്നത്.
സര്‍ക്കാരുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ വെട്ടിയെടുത്ത് പരിഭാഷയടക്കം അയക്കുന്നത് ഓരോ സംസ്ഥാനത്തേയും പിഐബി. ഉദ്യോഗസ്ഥരുടെ ജോലിയാണ്. ഇവരെക്കൊണ്ട് സോഷ്യല്‍ മീഡിയ നിരീക്ഷണത്തിനും സര്‍ക്കാര്‍ പരിപാടി തയാറാക്കുന്നുണ്ട്.
എല്ലാ കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും
എംപിമാരും കുടുംബാംഗങ്ങളും സോഷ്യല്‍ സൈറ്റുകളില്‍ അംഗങ്ങളാകണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങണമെന്നു നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവര്‍ക്കുള്ള പരിശീലനം രണ്ടു ദിവസം മുമ്പ് ആരംഭിച്ചിട്ടുണ്ട്.