ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (12:43 IST)
മണിക്കൂറില്‍ 300മുതല്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പദ്ധതിയുടെ പ്രഖ്യാപനം റെയില്‍ ബജറ്റവതരണത്തിനിടെ മന്ത്രി സദാനന്ദ ഗൌഡ പ്രഖ്യാപിക്കുമെന്നാണ് വിവരം.
65,000 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന ഈ വമ്പന്‍ പദ്ധതി ആദ്യം മുംബൈക്കും അഹമ്മദാബാദിനുമിടയ്ക്കായിരിക്കും ആദ്യഘട്ടമെന്ന നിലയില്‍ സ്ഥാപിക്കുക. വിദേശ നിക്ഷേപത്തോടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് തുടക്കമെന്ന നില്യില്‍ 300 കോടി അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
റെയില്‍വേക്ക് കീഴിലുള്ള എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി 'റൈറ്റ്‌സ്' ഉം(റെയില്‍ ഇന്ത്യാ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ്) ഫ്രഞ്ച് കമ്പനി 'സിസ്ട്ര'യും നേരത്തേ ബുള്ളറ്റ് ട്രെയിനിന്റെ സാധ്യതാപഠനം നടത്തിയിരുന്നു. ഇതോടൊപ്പം ജപ്പാനിലെ 'ജൈക്ക'(ജാപ്പനീസ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ അഗ്രിമെന്റ്) സമഗ്രമായ പഠനം നടത്തുകയും സംയുക്തസഹകരണം വാഗ്ദാനംചെയ്യുകയും ചെയ്തിട്ടുണ്ട്.
നിക്ഷേപത്തിന്റെ 75 ശതമാനം വഹിക്കാമെന്നാണ് ജൈക്ക അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അടുത്തമാസത്തെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ച നടന്നേക്കും. രാജ്യത്ത് വജ്ര ചതുഷ്കോണ അതിവേഗ റെയില്‍ പാത സ്ഥാപിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പദ്ധതിക്കായി പ്രത്യേക സമിതിയേ തന്നെ രൂപീകരിച്ചേക്കും. പ്രധാന മന്ത്രിയുടെ സ്വപ്ന പദ്ധതിയാണ് ഇത്. രാജ്യത്തെമ്പാടും ഇതിന്റെ ചുവടുപിടിച്ച് വിദേശ നിക്ഷേപത്തോടെ അതിവേഗ റെയില്‍ പാതകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.