അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 ജൂണ്‍ 2024 (19:12 IST)
നേരിയ ഒരു അസ്വാരസ്യം ഉണ്ടായാല്‍ പോലും കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ തകരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മറുകണ്ടം ചാടാന്‍ തയ്യാറായിരിക്കുന്നവര്‍ എന്‍ഡിഎ മുന്നണിയിലുണ്ടെന്നും മോദി ക്യാമ്പില്‍ വലിയ അതൃപ്തി നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളില്‍ ഒന്ന് തങ്ങളുമായി ബന്ധപ്പെട്ടതായും രാഹുല്‍ ഗാന്ധി വെളിപ്പെടുത്തി. എന്നാല്‍ ഇതേത് രാഷ്ട്രീയ കക്ഷിയാണെന്ന കാര്യം രാഹുല്‍ വ്യക്തമാക്കിയില്ല.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റമാണ് ഈ തിരെഞ്ഞെടുപ്പിലൂടെ ഉണ്ടായത്. മോദി എന്ന ആശയവും മോദി ഉണ്ടാക്കിയെടുത്ത ബ്രാന്‍ഡും നശിച്ചുകഴിഞ്ഞു. ഇക്കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടമാണ് ഇന്ത്യ മുന്നണി നേടിയത്. ഒറ്റയ്ക്ക് ഭരണം നേടാനാവാതെ ബിജെപി 240 സീറ്റുകളിലേക്ക് വീണ്‍യ്യ്. ഇപ്പോള്‍ ഭരണത്തിലുള്ള എന്‍ഡിഎ സഖ്യം വളരെയേറെ കഷ്ടപ്പെടും. 2014ലും 2019ലും നരേന്ദ്രമോദിയെ സഹായിച്ച ഘടകം ഇപ്പോഴില്ല.
കഴിഞ്ഞ 10 വര്‍ഷം അയോധ്യയെ പറ്റി മാത്രം പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി അയോധ്യയില്‍ നിന്ന് തന്നെ തൂത്തെറിയപ്പെട്ടു. മതവിദ്വേഷമുണ്ടാക്കുക എന്ന ബിജെപിയുടെ മൗലികമായ ആശയം തന്നെ തകരുകയാണ്. നീതിന്യായ സംവിധാനം, മാധ്യമങ്ങള്‍ തുടങ്ങി സകല സംവിധാനങ്ങളും പ്രതിപക്ഷത്തിന് മുന്നില്‍ വാതിലടച്ചപ്പോള്‍ ഞങ്ങള്‍ ജനങ്ങളിലേക്ക് ഇറങ്ങി. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ലഭിച്ച ഒട്ടേറെ ആശയങ്ങള്‍ ഈ തിരെഞ്ഞെടുപ്പില്‍ വിജയിച്ചു. അതെല്ലാം ജനങ്ങളില്‍ നിന്നും ലഭിച്ച ആശയങ്ങളായിരുന്നു. കൈകള്‍ കെട്ടിയിടപ്പെട്ട അവസ്ഥയിലാണ് തങ്ങള്‍ തിരെഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിചേര്‍ത്തു.