കൊലപാതകങ്ങളും അക്രമണങ്ങളും ഇനിയുമുണ്ടാകും, ബിജെപിയുടേത് ‘ശ്രദ്ധ തിരിച്ച് ഭരിക്കുക’ എന്ന സിദ്ധാന്തമാണെന്ന് അരുന്ധതി റോയി

അപർണ| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (08:47 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി സർക്കാരിനേയും വിമർശിച്ച് എഴുത്തുകാരി അരുന്ധതി റോയ്. മോദിയുടെ സ്വീകാര്യതക്ക് ഇടി, ഇനി അറസ്റ്റുകളും കൊലപാതകങ്ങളും കലാപങ്ങളും ഉണ്ടാകുമെന്ന് അരുന്ധതി റോയ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ട സാമൂഹ്യപ്രവര്‍ത്തകരുമായി ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ വയലന്‍സ് ആന്റ് സ്റ്റേറ്റ് റിപ്രഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മളനത്തിലാണ് അരുന്ധതി റോയ് മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

അരുന്ധതി റോയുടെ പ്രസ്താവന:

ഇന്ന് രാവിലെ (ആഗസ്റ്റ് 30) പുറത്തു വന്ന പത്രങ്ങളിലൂടെ കുറേ കാലമായി നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് കൃത്യമായ ഒരു മറുപടി ലഭിച്ചു. ‘അറസ്റ്റു ചെയ്യപ്പെട്ടവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിലെ അംഗങ്ങള്‍ എന്ന് പോലീസ് കോടതിയോട്’ എന്ന തലക്കെട്ടോടെ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധിക്കുക. സ്വന്തം പോലീസ് പോലും ”ഫാഷിസ്റ്റ്” എന്ന് വിളിക്കുന്ന ഒരു ഭരണകൂടത്തെയാണ് നാം എതിരിടുന്നതെന്ന് ഇവിടെ വ്യക്തമായിക്കഴിഞ്ഞു.

ജനങ്ങൾക്കിടയിൽ സർക്കാരിനും മോദിക്കും സ്വീകാര്യത കുറയുകയാണ്. പല സർവേകളും ഇതു വ്യക്തമാക്കുന്നുമുണ്ട്. അതുകൊണ്ട് ഭരണത്തെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ഒന്നിച്ചു വരാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പിളര്‍ത്താനുമുള്ള എല്ലാ തരത്തിലുള്ള ഭയാനകമായ നീക്കങ്ങളും ഇവരുടെ ഭാഗത്തു നിന്നുണ്ടാകും.

അറസ്റ്റുകള്‍, കൊലപാതകങ്ങള്‍, ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, ബോംബ് ആക്രമണങ്ങള്‍, കലാപങ്ങള്‍- ഇങ്ങനെ നിലയ്ക്കാത്ത അഭ്യാസപ്രകടനങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ കാണാന്‍ പോവുന്നത്. 2016 നവംബര്‍ 8ന് അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധനം നടത്തിയിട്ട് ഒമ്പത് മാസമായി. അന്ന് നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരികെ വന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നു.

ബി.ജെ.പിയുമായി അടുത്തു നില്‍ക്കുന്ന പല വന്‍കിട വ്യവസായികളുടെയും സമ്പത്ത് അധികരിച്ചു. വിജയ് മല്യയെയും നീരവ് മോഡിയെയും പോലുള്ള വ്യവസായികള്‍ കോടിക്കണക്കിന് രൂപയുമായി നാടു കടന്നപ്പോള്‍ സര്‍ക്കാര്‍ മുഖം തിരിച്ചു കൊടുത്തു. ഇതിനൊക്കെ അവര്‍ എന്നെങ്കിലും ഉത്തരം നല്‍കുമോ? .

ആക്രമിക്കപ്പെടുന്നവര്‍ ഒരു ഭാഗത്ത് നിശബ്ദരാക്കപ്പെടുന്നു. ശബ്ദിക്കാന്‍ ധൈര്യപ്പെടുന്നവര്‍ തടവറയില്‍ അടച്ചിടപ്പെടുന്നു. നമ്മുടെ രാജ്യം തിരികെ പിടിക്കാന്‍ ദൈവം നമ്മളെ സഹായിക്കട്ടെയെന്ന് അരുന്ധതി റോയ് വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :