മുംബൈ|
jibin|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (09:21 IST)
സഖ്യകക്ഷിയായ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി
ശിവസേന തലവൻ ഉദ്ധവ് താക്കറെ രംഗത്ത്. ബീഫിനെക്കുറിച്ചല്ല, വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റത്തേക്കുറിച്ചാണ് ബിജെപി സംസാരിക്കേണ്ടത്. രാമക്ഷേത്ര വിഷയത്തില്‍ ബിജെപിക്ക് ഉഴപ്പന്‍ മട്ടാണ്. കരിഓയില്‍ ഒഴിച്ചതല്ല, ദാദ്രി സംഭവമാണ് രാജ്യത്തിന് നാണക്കേടുണ്ടാക്കിയതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചതിലും പാക് ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ പരിപാടി തടസപ്പെടുത്തിയതിലും തെറ്റില്ല. പാകിസ്ഥാനില്‍ നിന്നുള്ള ആരേയും ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ല എന്ന നിലപാടില്‍ മാറ്റമില്ല. രാജ്യത്തിനകത്തുണ്ടായ എഴുത്തുകാരുടെ കൊലപാതകങ്ങള്‍ കേന്ദ്രം ഗൌരവപൂര്‍വം അന്വേഷിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ സഖ്യം തുടരുമെങ്കിലും ജനദ്രോഹപരമായ നയങ്ങളില്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. എന്തുകൊണ്ടാണ് അവശ്യ വസ്തുക്കളുടെ വില പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് കഴിയാത്തത്. വിലക്കയറ്റം തടയാനാകാത്ത സർക്കാർ എല്ലാ അർഥത്തിലും പരാജയമാണ്. തങ്ങൾ ഇപ്പോഴും പഴയതുപോലെ കടുവകൾ തന്നെയാണെങ്കിലും കൂടെയുള്ളവർ ആട്ടിൻ കുട്ടികളായി മാറിയതായും താക്കറെ ബിജെപിയെ പരിഹസിച്ചു.
ബിജെപി സര്‍ക്കാരിന് ഇപ്പോള്‍ നല്‍കുന്ന പിന്തുണ തുടരുക തന്നെ ചെയ്യും. സ്വാതന്ത്രസമര സേനാനി വിനായക് ദാമോദരിന് ഭാരത് രത്ന നല്‍കി ആദരിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. മുംബൈയില്‍ ശിവസേനയുടെ ദസറ വാര്‍ഷിക ദിന റാലിക്കിടെയാണ് ബിജെപിയെ വിമര്‍ശിച്ച് അദ്ദേഹം രംഗത്തെത്തിയത്.