മുംബൈ|
JOYS JOY|
Last Modified വെള്ളി, 20 നവംബര്‍ 2015 (16:40 IST)
ഷീന ബോറ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരെ സി ബി ഐ കൊലപാതകക്കുറ്റവും ഗൂഡാലോചനക്കുറ്റവും ചുമത്തി. വ്യാഴാഴ്ചയാണ് ഷീന ബോറയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൂന്നാം ഭര്‍ത്താവുമായ പീറ്റര്‍ മുഖര്‍ജിയെ അറസ്റ്റ് ചെയ്തത്.
കൂടാതെ, ഷീന ബോറ കൊലക്കേസിലെ പ്രധാന പ്രതിയായ ഇന്ദ്രാണി മുഖര്‍ജിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതിനും ഭാര്യയെ രക്ഷപ്പെടുത്താന്‍ വേണ്ടി കളവുകള്‍ പറഞ്ഞതിനും പീറ്റര്‍ മുഖര്‍ജിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പീറ്റര്‍ മുഖര്‍ജിയെ നവംബര്‍ 23 വരെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു.
ഷീന ബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജി ഇതുവരെ പ്രതി ചേര്‍ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മുംബൈ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെ സി ബി ഐ അപ്രതീക്ഷിതമായ നീക്കം നടത്തുകയും അറസ്റ്റ് നടപ്പാക്കുകയുമായിരുന്നു.
പീറ്ററിനെയും ഷീനയുടെ കാമുകനായിരുന്ന രാഹുലിനെയും സിബിഐ ചോദ്യം ചെയ്യാനായി ഓഫീസിലേക്ക് ഉച്ചയ്ക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഇന്ദ്രാണിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പീറ്ററിനെ അറസ്റ്റു ചെയ്യുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് തനിക്കറിയില്ലെന്ന
പീറ്ററിന്റെ മൊഴി വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ലെന്നു കാട്ടിയാണ് സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.