ചെന്നൈ|
Rijisha M.|
Last Updated:
ചൊവ്വ, 20 നവംബര്‍ 2018 (16:34 IST)
ഹോട്ടലുകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 1300 കിലോ പട്ടിയിറച്ച് പിടികൂടിയതിന് പിന്നാലെ ചെന്നൈയിൽ ബീഫ്, മട്ടൻ തുടങ്ങിയവയ്‌ക്ക് വൻ നഷ്‌ടം. രാജസ്ഥാനില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച പട്ടിയിറച്ചി ചെന്നൈ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
രാജസ്ഥാനിൽ നിന്നുമുള്ള ജോധ്പുർ എക്സ്പ്രസില്‍ ചെന്നൈയില്‍ എത്തിച്ച പട്ടിയിറച്ചി തെര്‍മോകോള്‍ ഐസ് പെട്ടികളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ നിരവധി പെട്ടികൾ കണ്ടതോടെയാണ് റെയില്‍വെ പൊലീസ് പരിശോധന നടത്തിയത്.
പട്ടിറച്ചിയാണെന്ന് സംശയം തോന്നിയെങ്കിലും പെട്ടികള്‍ക്ക് അവകാശി ഇല്ലാതെ വന്നതോടെ പൊലീസ് പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് പെട്ടിയിലുള്ളത് പട്ടിയിറച്ചിയാണെന്ന് വ്യക്തമായത്.
എന്നാൽ ഈ സംഭവത്തോടെ ചെന്നൈയിലെ അറവുശാലകളിലും ഹോട്ടലുകളിലും മറ്റും ബീഫ്, മട്ടൻ തുടങ്ങിയവയ്‌ക്ക് വൻ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. മാംസം വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ കുത്തനെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
കൂടാതെ ചെറിയ രീതിയിൽ പ്രവർത്തിക്കുന്ന ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും സാധനങ്ങൾ വിറ്റഴിയുന്നതിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ ഇറച്ചി എവിടേക്ക് കൊണ്ടുപോകുകയാണെന്ന കൃത്യമായ വിവരം ഇല്ലാത്തതുകൊണ്ടുതന്നെ പുറത്തുനിന്ന് മാംസം കഴിക്കുന്നതിൽ വൻ നിയന്ത്രണമാണുണ്ടായിരിക്കുന്നത്.
അതേസമയം, ചെറിയ ബിരിയാണി കടകളിൽ 100 രൂപയ്‌ക്കും മറ്റും ലഭിക്കുന്ന ബക്കറ്റ് ബിരിയാണിയിലും ഇത്തരത്തിലുള്ള മാംസമാണ് ഉപയോഗിക്കുന്നത് എന്ന സംശയവും ആളുകൾക്ക് വന്നിരിക്കുകയാണ്. കോഴിയെ പുറമേ നിന്ന് വാങ്ങുന്നതിന് 100 രൂപയിൽ കൂടുതൽ വിലയാകുമെന്നും എന്നാൽ ചില കടകളിൽ ബിരിയാണി നൽകുന്നത് നിസ്സാരമായ 100 രൂപയ്‌ക്ക് ആണെന്നതും അപ്പോൾ ലാഭം എന്താണ് ഉള്ളതെന്നും ആണ് ആളുകൾക്ക് ഇപ്പോൾ സംശയം ഉണ്ടാകാനുള്ള പ്രധാന കാരണം.