മുംബൈ|
Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (15:46 IST)
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ എടിഎം സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ നിലവില്‍വരും.
നിലവിലെ പ്രതിമാസ ബാലൻസിലും നിശ്ചിത ബാലൻസ് സൂക്ഷിക്കാത്തവർക്ക് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തി. ഗ്രാമ, അർധ നഗര - നഗര പ്രദേശങ്ങളിൽ വ്യത്യസ്‌ത തുകയാണ് പിഴയായി ഈടാക്കിയിരുന്നത്.
പ്രതിമാസം എട്ടു മുതല്‍ പത്തുതവണവരെ ഉപഭോക്താക്കള്‍ക്ക് സൗജന്യ എടിഎം ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. അതില്‍കൂടുതലുള്ള ഇടപാടുകള്‍ക്കാണ് പ്രത്യേക നിരക്കുകള്‍ ഈടാക്കുക.
നഗര പ്രദേശങ്ങളിൽ ശരാശരി പ്രതിമാസ ബാലന്‍സ്
5,000 രൂപയില്‍ നിന്ന് 3,000 രൂപയായി കുറച്ചു. അർധ നഗരങ്ങളിൽ 2000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്.
മിനിമം ബാലൻസ് തുക 50 ശതമാനത്തിൽ താഴ്ന്നാൽ പത്ത് രൂപ പിഴയും ജിഎസ്ടിയും ചുമത്തും. കാര്‍ഡില്ലാതെ എടിഎം ഉപയോഗിച്ചാല്‍ 22 രൂപയാണ് ഈടാക്കുക. അതേസമയം നെഫ്റ്റ്, ആർജിഎസ് സംവിധാനങ്ങൾ വഴിയുള്ള ഓൺലൈൻ ഇടപാടുകൾ സേവന നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എട്ട് തവണവരെയാണ് എടിഎം ഉപയോഗത്തിന് സൗജന്യമുള്ളത്. ഇതില്‍ അഞ്ചെണ്ണം എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുമാണ്.
മെട്രോ നഗരങ്ങളല്ലാത്തയിടങ്ങളില്‍ 10വരെ ഇടപാട് സൗജന്യമാണ്. എസ്ബിഐയുടെ അഞ്ചും മറ്റ് ബാങ്കുകളുടെ അഞ്ചും ഇടപാടുകള്‍ക്കാണ് സൗജന്യമുള്ളത്. സൗജന്യ പരിധി കഴിഞ്ഞാല്‍ അഞ്ച് രൂപമുതല്‍ 20 രൂപവരെയാണ് ഈടാക്കുക.
ശമ്പള അക്കൗണ്ട് ഉടമകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി എസ്ബിഐയുടെയും മറ്റ് ബാങ്കുകളുടെയും എടിഎമ്മുകള്‍ ഉപയോഗിക്കാം. അക്കൗണ്ടില്‍ ശരാശരി 25,000 രൂപക്കുമുകളില്‍ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എടിഎം ഉപയോഗം സൗജന്യമാണ്.
അതേസമയം നെഫ്റ്റ്, ആർജിഎസ് സംവിധാനങ്ങൾ വഴിയുള്ള ഓൺലൈൻ ഇടപാടുകൾ സേവന നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.