ചിന്നമ്മയ്ക്ക് വീണ്ടും തിരിച്ചടി; പത്ത് കോടി പിഴ അല്ലെങ്കില്‍ അഞ്ച് വര്‍ഷം തടവ്, ജയിലില്‍ പ്രത്യേക പരിഗണനയില്ലെന്ന് ജയില്‍ സൂപ്രണ്ട്

പത്ത് കോടി പിഴ അല്ലെങ്കില്‍ 13 മാസം അധിക തടവ് അനുഭവിക്കണമെന്ന് ചിന്നമ്മയോട് ജയില്‍ സൂപ്രണ്ട്

ബെംഗളൂരു| സജിത്ത്| Last Modified ബുധന്‍, 22 ഫെബ്രുവരി 2017 (08:01 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ കഴിയുന്ന അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി പത്ത് കോടി രൂപ പിഴ അടക്കാത്തപക്ഷം പതിമൂന്ന് മാസം അധികജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണകുമാര്‍ വ്യകതമാക്കി‍.

നിലവില്‍ നാല് വര്‍ഷത്തെ തടവുശിക്ഷയാണ് ശശികലയ്ക്ക് ലഭിച്ചിരിക്കുന്നത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോള്‍ കഴിയുന്നത്. പിഴ അടച്ചില്ലെങ്കില്‍ തടവ് ശിക്ഷയുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പിഴ അടക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷവും പതിമൂന്ന് മാസവും മാത്രമേ ശശികലയ്ക്ക് തടവില്‍ കഴിയേണ്ടി വരുകയുള്ളൂ. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട സുധാകരനും ഇളവരശിയും ജയിലില്‍ കഴിയുന്നുണ്ട്.

മറ്റുള്ള തടവു പുള്ളികള്‍ക്ക് നല്‍കുന്ന അതേ പരിഗണന മാത്രമേ ഈ മൂന്ന് പേര്‍ക്കും നല്‍കുന്നുള്ളൂവെന്ന് ജയില്‍ സൂപ്രണ്ട് കൃഷ്ണ കുമാര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ ശശികലയേയും ഇളവരശിയേയും സ്ത്രീകളുടെ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സുധാകരന്‍ പുരുഷന്‍മാരുടെ ബ്ലോക്കിലുമാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :