ചെന്നൈ|
jibin|
Last Updated:
തിങ്കള്‍, 12 ഡിസംബര്‍ 2016 (19:06 IST)
അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ശശികല നടരാജനാകും അണ്ണാ ഡിഎംകെയെ മുന്നില്‍ നിന്ന് നയിക്കുക. തമിഴകത്തിന്റെ രക്ഷകയായും കണ്‍കണ്ട ദൈവമായും ഒരു വലിയ സമൂഹം ആരാധിച്ചിരുന്ന ജയലളിതയുടെ വിയോഗത്തോടെ അമ്മയുടെ തോഴിയായ ശശികല പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കണമെന്ന് പാർട്ടിയുടെ പ്രമുഖ നേതാക്കൾ ശശികലയോട് ആവശ്യപ്പെടുകയായിരുന്നു. പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനന്‍, മുതിർന്ന നേതാവ് കെഎ സെങ്കോട്ടയ്യന്‍,
ചെന്നൈ മുൻ മേയർ സൈദ എസ് ദുരൈസാമി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കൾ പോയസ് ഗാർഡനിലെ വസതിയിലെത്തി ശശികലയോട് അണ്ണാ ഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജയലളിതയുടെ കാലത്ത് അണ്ണാ ഡിഎംകെയില്‍ ശശികല വളര്‍ത്തികൊണ്ടുവന്ന നേതാക്കളാണ് ഇപ്പോള്‍ അവര്‍ക്കായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനാല്‍ ജനറൽ സെക്രട്ടറിസ്ഥാനം സ്വാഭാവികമായും അവരില്‍ തന്നെയെത്തുമെന്നതില്‍ ആശങ്ക വേണ്ട. ഈ നീക്കങ്ങളെ തടുക്കാനോ എതിര്‍ക്കാനോ കഴിവുള്ളവരോ തന്റേടമുള്ളവരോ ഇന്ന് പാര്‍ട്ടിയിലില്ല എന്നത് ശശികലയ്‌ക്ക് നേട്ടമാകും. അങ്ങനെ ആരെങ്കിലുമുണ്ടായാല്‍ തന്നെ അവരുടെ വായടപ്പിക്കാന്‍ ജയലളിതയ്‌ക്കൊപ്പം മുപ്പത് വര്‍ഷം നിന്ന ചിന്നമ്മയ്‌ക്ക് നന്നായി അറിയാം.
ശശികല നടരാജന്‍ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാകുന്നതില്‍ രണ്ടൊമതൊരു അഭിപ്രായമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീർ സെൽവം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശശികല പാര്‍ട്ടിയെ വരും കാലങ്ങളില്‍ നയിക്കും. ആർക്കെങ്കിലും മറ്റൊരു ചിന്തയുണ്ടെങ്കിൽ അവർ ശരിയായ പാർട്ടി പ്രവർത്തകരല്ല. അമ്മയെ പോലെ ചിന്നമ്മയ്‌ക്കും ഒരോ പാർട്ടി പ്രവർത്തകരെയും നന്നായറിയാം. പാർട്ടിയുടെ അച്ചടക്കം തുടർന്നും നിലനിർത്താൻ ചിന്നമ്മ പാർട്ടി ജനറൽ സെക്രട്ടറിയാകണമെന്നും പനീർ സെൽവം വ്യക്തമാക്കിയെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പനീര്‍ സെല്‍വത്തിന്റെ വാക്കുകളില്‍ നിന്ന് വിധേയത്വം വ്യക്തമാണ്. വരും കാലങ്ങളില്‍ ചിന്നമ്മയുടെ കീഴില്‍ നിന്ന് തമിഴ്‌നാടിനെ സേവിക്കാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെ മാത്രമെ പ്രവര്‍ത്തിക്കാന്‍ ഒപിഎസിന് സാധിക്കു.
പനീര്‍ സെല്‍വത്തിന് ശശികലയോട് അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നയിച്ചതുവരെ ശശികലയായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനം സ്വാഭാവികമായും മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വത്തിലേക്കാണ് വന്നെത്തേണ്ടത്. എംജി ആറിന്റെ കാലം മുതല്‍ അങ്ങനെയാണ് തുടര്‍ന്നു പോന്നിരുന്നത്. ജയലളിതയും അതേ പാതയിലാണ് സഞ്ചരിച്ചത്. എന്നാല്‍ ജയയുടെ മരണത്തിന് ശേഷം ജനറല്‍ സെക്രട്ടറി എന്ന പ്രമുഖ സ്ഥാനം സ്വന്തമാക്കാന്‍ ശശികല ശ്രമിക്കുമ്പോള്‍ തന്നെ തമിഴ് രാഷ്‌ട്രീയത്തില്‍ മാറ്റം വരുമെന്ന് വ്യക്തമാണ്.
ജയലളിതയോട് മാത്രമല്ല ശശികലയോടും സമ്പൂര്‍ണ്ണ വിധേയത്വം പുലര്‍ത്തുന്ന പനീര്‍ സെല്‍വത്തിനെ അപ്രസക്‍തമാക്കാന്‍ എളുപ്പമാണ്. പനീര്‍ സെല്‍വത്തിന് ശശികലയോടുള്ള വിധേയത്വത്തിന് പിന്നിലും സംഭവവികാസങ്ങളുണ്ട്. കേസുകളില്‍ അകപ്പെട്ട് 2001ല്‍
ജയലളിത മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിന്നപ്പോള്‍ മറ്റ് അഭിപ്രായങ്ങളെ തള്ളി പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് എത്തിച്ചത് ശശികലയായിരുന്നു. തേവര്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കമായിട്ടാണ് പലരും ഈ നീക്കത്തെ കണ്ടതെങ്കിലും ജയലളിത പോലും ശ്രദ്ധിക്കാത്ത ഒരു തന്ത്രം കൂടിയായിരുന്നു.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് പലരും രംഗത്തു വന്നെങ്കിലും ഈ ആവശ്യങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ല. ശശികല എന്ന വ്യക്തി അണ്ണാ ഡിഎംകെയില്‍ അത്രയ്‌ക്കും ശക്തയാണ്. എത്ര ആരോപണങ്ങള്‍ ഉണ്ടായാലും അവര്‍ക്ക് അതിനെയെല്ലാം നേരിടാന്‍ സാധിക്കും. ഇതിനാല്‍ വരും കാലങ്ങളില്‍ ജയലളിതയെ പോലെ ഏകാധിപത്യ പ്രവണതയുള്ള ഒരു നേതാവായി ശശികല നടരാജന്‍ വളരുമെന്ന് വ്യക്തമാണ്.