അര്‍ദ്ധരാത്രിയിലെ അധികാര കൈമാറ്റം നിയന്ത്രിച്ചത് ശശികല; മന്ത്രിമാരുടെ കൈയില്‍ നിന്ന് വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി; എഐഎഡിഎംകെ ഞെട്ടിച്ച് ശശികലയുടെ നീക്കങ്ങള്‍

അര്‍ദ്ധരാത്രിയില്‍ ശശികല നടത്തിയ നീക്കങ്ങള്‍

ചെന്നൈ| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (09:30 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ തിങ്കളാഴ്ച അര്‍ദ്ധരാത്രി നടന്ന അധികാര കൈമാറ്റം നിയന്ത്രിച്ചത് തോഴി നടരാജന്‍. ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ശശികല നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ പോലും അറിയാതെ മുഖ്യമന്ത്രിപദം ജയലളിതയുടെ വിശ്വസ്തനായ ഒ പനീര്‍സെല്‍വത്തിന്റെ കൈകളിലേക്ക് മുഖ്യമന്ത്രി പദം എത്തിച്ചത്. ദേശീയമാധ്യമമായ എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജയലളിതയുടെ മരണം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചതിനു ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെ 01.30ന് മുഖ്യമന്ത്രിയായി പനീര്‍സെല്‍വം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായി ഉടനെ തന്നെ പനീര്‍സെല്‍വം അടക്കമുള്ള മുഴുവന്‍ മന്ത്രിമാരോടും എ ഐ എ ഡി എം കെ നിയമസഭ അംഗങ്ങളോടും ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശം നല്കി. ജയലളിതയുടെ നില ഗുരുതരമാണെന്നും അറിയിച്ചിരുന്നു. എന്നാല്‍, ജയയെ കാണാന്‍ ശശികലയ്ക്കും മുന്‍ ഉദ്യോഗസ്ഥ ഷീല ബാലകൃഷ്‌ണനും മാത്രമായിരുന്നു നിര്‍ദ്ദേശം ഉണ്ടായിരുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റിയതായി അറിയിപ്പ് ലഭിച്ചു. ഇസിഎംഒ നല്‍കാനാണ് രാത്രി മുഴുവന്‍ സമയമെടുത്തതെന്ന് അതിന് ശേഷം നിയമസഭാംഗങ്ങള്‍ അറിഞ്ഞു.
തുടര്‍ന്ന് തിങ്കളാഴ്ച അപ്പോളോ ആശുപത്രിയിലെ താഴത്തെ നിലയിലെത്താന്‍ എല്ലാ മന്ത്രിമാരോടും എം എല്‍ എമാരോടും ആവശ്യപ്പെട്ടു. ഓരോ അംഗത്തില്‍ നിന്നും നാല് വെള്ളക്കടലാസുകളില്‍ വീതം ഒപ്പ് വാങ്ങി. പാര്‍ട്ടി യോഗം നടന്നതായി വ്യക്തമാക്കുന്ന രജിസ്റ്ററില്‍ ഒപ്പ് വെക്കാനും ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെ മരിച്ചെന്ന് അംഗങ്ങളില്‍ മിക്കവര്‍ക്കും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. വൈകുന്നേരം ആറു മണിയായപ്പോള്‍ എ ഐ എ ഡി എം കെ ആസ്ഥാനത്ത് യോഗം ചേരുമെന്ന് അറിയിപ്പ് ലഭിച്ചു. എന്നാല്‍, യോഗത്തിനായി പാര്‍ട്ടി അംഗങ്ങള്‍ എത്തിയെങ്കിലും പനീര്‍സെല്‍വം അടക്കമുള്ള അഞ്ച് മന്ത്രിമാര്‍ എത്തിയിരുന്നില്ല. അധികാര കൈമാറ്റത്തെക്കുറിച്ച് ഈ മന്ത്രിമാരുമായി ശശികല ചര്‍ച്ച നടത്തുകയായിരുന്നു ഈ സമയം. രാത്രി 11 മണിയോടെ പാര്‍ട്ടി ആസ്ഥാനത്ത് എത്താതിരുന്ന മന്ത്രിമാര്‍ ഓഫീസിലെത്തി. പാര്‍ട്ടി ചെയര്‍മാന്‍ മധുസൂദനന്‍ പനീര്‍സെല്‍വം ആയിരിക്കും മുഖ്യമന്ത്രിയെന്ന് യോഗത്തില്‍ വായിച്ചു.

തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ള 31 മന്ത്രിമാരെയും പ്രത്യേക ബസില്‍ സത്യപ്രതിജ്ഞാചടങ്ങിനായി രാജ്‌ഭവനില്‍ എത്തിച്ചു. മുഖ്യമന്ത്രി ജയലളിത അന്തരിച്ചെന്ന് 11.30 ഓടെ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍, രാജ്‌ഭവനില്‍ എത്തിയ മന്ത്രിമാരും എം എല്‍ എമാരും 12.40 ഓടെയാണ് മുഖ്യമന്ത്രിയുടെ മരണവാര്‍ത്ത അറിഞ്ഞത്. പാര്‍ട്ടിയില്‍ ഒരു പദവിയും വഹിക്കാത്ത ജയലളിതയുടെ തോഴി ശശികല ജയയുടെ വിശ്വസ്തനായ പനീര്‍സെല്‍വത്തിന്റെ കൈയില്‍ മുഖ്യമന്ത്രി പദം ഭദ്രമായി ഏല്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :