ഗോവധം മാത്രമല്ല ഇറച്ചി വില്‍പ്പന പോലും തടയും, പുതിയ വര്‍ഗീയ നീക്കവുമായി സംഘപരിവാര്‍

റാഞ്ചി| VISHNU N L| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (14:15 IST)
ഗോവധവുമായി ബന്ധപ്പെട്ട് രാജ്യത്ത് മുഴുവനും ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിഷയം കൂടുതല്‍ ഗുരുതരമാക്കിക്കൊണ്ട് മാംസ വില്‍പ്പനക്കാരെയും പശുക്കളെ കൊല്ലുന്നവരെയും എതിര്‍ക്കുന്നതിനായി 'ഹിന്ദു ഹെല്‍പ്പ്‌ലൈനുമായി വിശ്വഹിന്ദു പരിഷത് രംഗത്ത്.

ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംഘപരിവാറിനു പുറമെ ബിജെപി സഖ്യ കക്ഷിയായ ശിവസേനയും ഹെല്‍‌പ്ലൈനിന്റെ ഭാഗമാണ്.ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് നിയമപരമായ പിന്തുണ, സുരക്ഷ, വൈദ്യ, ബിസിനസ്‌ സഹായങ്ങള്‍ വിദഗ്‌ദോപദേശങ്ങള്‍ എന്നിവ നല്‍കുകയാണ്‌ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്‌.

സംസ്‌ഥാനത്തിന്റെ ഏതു ഭാഗത്തും അനധികൃത ഗോവധം നടത്തുന്നയാളെ സംബന്ധിച്ച പരാതി ഈ ഹെല്‍പ്പ്‌ലൈന്‍ വഴി സമര്‍പ്പിക്കാനാകും. ഇത്‌ തങ്ങള്‍ ഗോരക്ഷാ സമിതിക്ക്‌ നല്‍കുകയും ഇവര്‍ ഇത്‌ നിയമനടപടികള്‍ക്ക്‌ വേണ്ടി വേണ്ടപ്പെട്ടവര്‍ക്ക്‌ കൈമാറുമെന്നുംവി‌എച്‌പി പറയുന്നു.

വര്‍ഗ്ഗീയ വിദ്വേഷം സൃഷ്‌ടിക്കാനല്ലെന്നും ഗോവധനിരോധനം കര്‍ശനമായി പാലിക്കാന്‍ വേണ്ടിയാണെന്നുമാണ്‌ സംഘടനകളുടെ നിലപാട്‌. ഇതിലൂടെ ഹിന്ദു സഹോദരങ്ങള്‍ക്ക്‌ സഹായമാണ്‌ ഉദ്ദേശിക്കുന്നത്‌. ബീഫ്‌ വില്‍പ്പനയും ഇറച്ചിവെട്ടും സംബന്ധിച്ച കാര്യങ്ങള്‍ സൗകര്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും വിഎച്ച്‌പി റാഞ്ചി പ്രസിഡന്റ്‌ പറഞ്ഞു. ശിവസേന പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 100 കണക്കിന്‌ പ്രവര്‍ത്തകര്‍ക്കാണ്‌ ഹെല്പ്ലൈനിന്റെ ഭാഗമായി ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :