മുംബൈ|
JOYS JOY|
Last Modified ബുധന്‍, 29 ജൂണ്‍ 2016 (15:53 IST)
ബലാത്സംഗ ഇര പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറയാനുള്ള ദേശീയ വനിത കമ്മീഷന്റെ നോട്ടീസിന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മറുപടി നല്കി. പക്ഷേ, മറുപടിയില്‍ മാപ്പു പറയാന്‍ താരം തയ്യാറായില്ലെന്ന് വനിത കമ്മീഷന്‍ പറഞ്ഞു. അഭിഭാഷകന്‍ മുഖേനയാണ് സല്‍മാന്‍ മറുപടിക്കത്ത് നല്കിയത്.
എന്നാല്‍, കത്തില്‍ മാപ്പു പറയുന്നതായുള്ള പരാമര്‍ശങ്ങളൊന്നും ഇല്ലെന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം അറിയിച്ചു. ഇതിനിടെ, വിവാദ പരാമര്‍ശത്തില്‍ സല്‍മാന്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര കമ്മിഷന്‍ വീണ്ടും സമന്‍സ് അയച്ചു. ഇന്നു നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സല്‍മാന് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്നാണ് ജൂലൈ ഏഴിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുന്നത്.
സല്‍മാന്‍ഖാന്‍ നായകനാകുന്ന പുതിയ ചിത്രം സുല്‍ത്താന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം സല്‍മാന്‍ നടത്തിയത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞപ്പോഴേക്കും താന്‍ കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പോലെ അവശയായെന്ന പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടുകയും പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
സല്‍മാന്‍ ഖാന്റെ പ്രതികരണം തെറ്റായി പോയെന്ന് പിതാവ് സലിം ഖാനും പ്രതികരിച്ചിരുന്നു. സല്‍മാന്റെ പ്രതികരണം മാനസികമായി തളര്‍ത്തിയെന്നും 10 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കൂട്ട മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി നോട്ടീസ് അയച്ചിട്ടുമുണ്ട്.