aparna shaji|
Last Updated:
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (16:11 IST)
റിയോ ഒളിമ്പിക്സിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തിയ സാക്ഷി മാലികിന് നിന്നു തിരിയാൻ സമയമുണ്ടായിരുന്നില്ല. തിരക്കോട് തിരക്കായിരുന്നു. സ്വന്തം നാട്ടിൽ നിന്നും വൻവരവേൽപ്പായിരുന്നു സാക്ഷിയ്ക്ക് ലഭിച്ചത്. ഇതിനോടകം പല പരിപാടികളിലും മുഖ്യഅതിഥിയായി സാക്ഷി എത്തി. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ദീപ കർമാർക്കർ, സിന്ധു, പുല്ലേല ഗോപീചന്ദ് എന്നിവർക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിൽ നിന്നും ബി എം ഡബ്ല്യു സ്വീകരിച്ചു.
സച്ചിനിൽ നിന്നും ലഭിച്ച സമ്മാനവും പിന്തുണയും തങ്ങൾക്ക് പ്രചോദനമേകുന്നുവെന്നായിരുന്നു സാക്ഷി പറഞ്ഞത്. ശേഷം സാക്ഷി പോയത് ഡൽഹിയിലേക്കായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ. കൈ കൊടുത്ത ശേഷം ഇടിക്കുമോ എന്ന് ചോദിച്ച മോദിയോട് 'ഞാനൊരു പാവം ഗുസ്തിക്കാരിയാണേ' എന്നായിരുന്നു സാക്ഷിയുടെ മറുപടി. ഗോദയിൽ നിന്നും ഇറങ്ങിയാൽ താൻ ഒരു സാധാരണപെൺകുട്ടിയാണെന്നും സാക്ഷി വ്യക്തമാക്കി. പ്രധാനമന്ത്രിയിൽ നിന്നും ആശീർവാദങ്ങൾ ഏറ്റുവാങ്ങിയ സാക്ഷി കായിക രംഗത്തെ പരമോന്നത ബഹുമതിയായ ഖേൽരത്ന രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി.