Last Modified തിങ്കള്‍, 24 നവംബര്‍ 2014 (11:09 IST)
നേപ്പാളില്‍ ഈ ആഴ്ച നടക്കുന്ന സാര്‍ക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇരുവരും തമ്മില്‍ അനൗപചാരിക സംഭാഷണം നടന്നേക്കും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി സാധ്യമായ വിധത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് സയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. പാകിസ്ഥാനുമായി സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 26, 27 തീയതികളില്‍ കാഠ്ണ്ഡുവില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 25ന് വൈകിട്ട് മോഡി യാത്ര തിരിക്കും. 27ന് മടങ്ങിയെത്തും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഷെരീഫ് എത്തിയതോടെ പാകിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചിരുന്നു.
എന്നാല്‍ ഓഗസ്റ്റില്‍ പാക് നയതന്ത്ര പ്രതിനിധി അബ്ദുള്‍ ബാസിത് കശ്മീരി വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിതോടെ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നയതന്ത്ര നീക്കങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ജോയിന്റ് സെക്രട്ടറിതല ചര്‍ച്ചകള്‍ക്ക് മുന്‍പായിരുന്നു പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം. ഇതേതുടര്‍ന്ന് സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലും ഷെരീഫിനെ കാണാന്‍ മോഡി തയാറായിരുന്നില്ല.