ന്യൂഡല്‍ഹി|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (10:30 IST)
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇല്ലെങ്കില്‍ മഹാത്മാഗാന്ധി അപൂര്‍ണനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. സര്‍ദാര്‍ വല്ലഭായി പട്ടേലിനോട് ചരിത്രം നീതി കാട്ടിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള കൂട്ടയേട്ടം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചടങ്ങില്‍ ഏകതാ സന്ദേശം ഉയര്‍ത്തിക്കൊണ്ടുള്ള കൂട്ടയോട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്‌തു. സര്‍ദാര്‍ പട്ടേല്‍ രാജ്യസ്‌നേഹിയും കാഴ്‌ചപ്പാടുകളുമുള്ള നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ സംഭാവനകളെ രാജ്യം ഒരിക്കലും മറക്കരുതെന്നും പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ തന്നെ സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയുടെ ജന്മദിനത്തില്‍ ആദരം അര്‍പ്പിക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം അനേകരാണ് പങ്കെടുത്തത്.
സര്‍ദാര്‍ പട്ടേലിനൊപ്പം 30 വര്‍ഷം മുമ്പ് വെടിയേറ്റ് മരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അനുസ്‌മരിക്കാനും മോഡി മറന്നില്ല. അതേസമയം മുന്‍ പ്രധാനമന്ത്രിമാരെ പോലെ ശക്‌തിസ്‌ഥല്‍ സന്ദര്‍ശിക്കാന്‍ മോഡി തയ്യാറായില്ല.
പുലര്‍ച്ചെ തന്നെ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, മകന്‍ രാഹുല്‍ എന്നിവരെല്ലാം ശക്‌തിസ്‌ഥല്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം ഇന്ദിരാഗാന്ധിക്ക് മേല്‍ സര്‍ദാര്‍ പട്ടേലിനെ പ്രതിഷ്‌ഠിക്കാനുള്ള ബിജെപിയുടെ ശ്രമം രാഷ്‌ട്രീയ നേട്ടം മുന്നില്‍ കണ്ടുള്ളതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ദിരാഗാന്ധിയെ മോഡി അനുസ്‌മരിച്ചത് സിഖ് കൂട്ടക്കൊലയെ ഉയര്‍ത്തിക്കാണിക്കാനാണെന്നും വിമര്‍ശനമുണ്ട്.