സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 22 ജൂലൈ 2024 (11:56 IST)
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആര്‍എസ്എസിലും ജമാഅത്ത് ഇസ്ലാമിയിലും പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന 1966ലെ ഉത്തരവാണ് മാറ്റിയത്. 1966 ലെ ഉത്തരവില്‍ നിന്ന് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാനുള്ള വിലക്കാണ് ഇപ്പോള്‍ നീക്കിയത്. ഈ മാസം ഒമ്പതിനാണ് നിയമം മാറ്റിയത്.
പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും ഇടയിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്നാണ് ജയറാം രമേശ് ആരോപിച്ചത്. അതേസമയം ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്നും അനാവശ്യ നടപടിയാണ് 1966ല്‍ ഉണ്ടായതെന്നും ബിജെപി പ്രതികരിച്ചു.