ഫരിദാബാദ്|
VISHNU N L|
Last Modified ബുധന്‍, 10 ജൂണ്‍ 2015 (16:44 IST)
റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കുളമാകുന്നത് നമ്മുടെ നാട്ടില്‍ സാധാരണ കാഴ്ചയാണ്. മഴപെയത് റോഡുകള്‍ കുളവും തോടുമൊക്കെയാകുമ്പോള്‍ വള്ളമിറക്കിയും വാഴനട്ടും നമ്മള്‍ പ്രതിഷേധിക്കാറുണ്ട്. എന്നാല്‍ ഹരിയാനക്കാര്‍ ചെയ്തത് അല്‍പ്പം കടുത്തുപോയി. തകര്‍ന്ന റോഡിനെ മരിച്ച ശരീരമായി കണ്ട് അതിനെ ചിതയില്‍ ദഹിപ്പിക്കുകയു മരണാനന്തര ചടങ്ങുകള്‍ നടത്തുകയുമാണ് ഹരിയാനക്കാര്‍ ചെയ്തത്.
ഹരിയാനയിലെ ഫരിദാബാദില്‍ ഫാസിയാബാദിലെ പോലീസ് ചൗക്കി റോഡിലാണ് ചിതയൊരുക്കി പ്രദേശവാസികളായ നൂറുകണക്കിനുപേര്‍ അധികാരികളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. വെള്ളിയാഴ്‌ച റോഡിന്റെ അടിയന്തിരം നടത്താനും ജനങ്ങള്‍ പദ്ധതിയിടുന്നുണ്ട്. മുദ്രാവാക്യങ്ങളുമായി റോഡിലെത്തിയ പ്രതിഷേധക്കാര്‍ കൈയില്‍ കരുതിയിരുന്ന വിറകുകള്‍ കൂട്ടി റോഡിന് ചിതയൊരുക്കി. തുടര്‍ന്ന് ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു.
റോഡിന്റെ ദുരവസ്‌ഥ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ മൗനം മാത്രമായിരുന്നു മറുപടി. ഇതോടെ അധികാരികളുടെ അവഗണന ജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനാണ് വ്യത്യസ്‌തമായ പ്രതിഷേധം സംഘടിപ്പിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സമീപവാസികളായ നൂറുകണക്കിനുപേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. റോഡിന്റെ അവസാന ആഗ്രഹമാണ് ഇതിലൂടെ തങ്ങള്‍ നടത്തിക്കൊടുത്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.